മൈക്കല്‍ ഷുമാക്കറിനെ പോലെ വേഗത്തിന്‍റെ വ്യത്യസ്തത ആസ്വദിക്കുകയാണ് മോട്ടോ ഗ്രാന്‍ പ്രീ ചാമ്പ്യന്‍ വാലെന്‍റിനോ റോസി. ഇറ്റാലിയന്‍ താരം എഫ് വണ്‍ രംഗത്തെ പ്രമുഖരായ ഫെരാരിയുടെ ടെസ്റ്റ് ഡ്രൈവില്‍ മികച്ച പ്രകടനം നടത്തി.
വ്യാഴാഴ്ച ഫ്ലോറന്‍സിനു വെളിയിലെ പ്രസിദ്ധമായ മഗെല്ലോ സര്‍ക്യൂട്ടില്‍ ആണ് റോസി നാല്‍ ചക്ര വാഹനം പറത്തിയത്. ഫെരാരി എഫ് 2008 ല്‍ 30 ലാപ്പുകള്‍ ഒരു മിനിറ്റും 23.930 സെക്കന്‍ഡില്‍ റോസി പൂര്‍ത്തിയാക്കി.
ഫെരാരിയുടെ യഥാര്‍ത്ഥ ടെസ്റ്റ് ഡ്രൈവര്‍ ലൂക്കാ ബാഡരിനേക്കാണ്‍ മൂന്ന് സെക്കന്‍ഡുകള്‍ മാത്രം കുറവിലായിരുന്നു റോസി വണ്ടി ഓടിച്ചത്. ഫെരാരിയില്‍ ലാപ് റെക്കോഡ് സ്ഥാപിച്ച റൂബന്‍സ് ബാരിഷെല്ലോയുടെ 2004 ല്‍ കണ്ടെത്തിയ മികച്ച സമയത്തേക്കാള്‍ അഞ്ച് സെക്കന്‍ഡ് കുറവില്‍.
നേരത്തെ മോണ്‍സാ റാലിയില്‍ പങ്കെടുത്ത റോസി മൂന്ന് തവണ ജേതാവ് റിനാള്‍ഡോ കാപ്പലോയ്ക്ക് പിന്നില്‍ രണ്ടാമത് എത്തി. കഴിഞ്ഞയാഴ്ച മൈക്കല്‍ ഷുമാക്കര്‍ മോട്ടോര്‍ ബൈക്ക് പറത്തിയതിനു പിന്നാലെയാണ് റോസിയുടെ കുതിപ്പ്.
നേരത്തേയും ഫെരാരിയുടെ ടെസ്റ്റ് ഡ്രൈവില്‍ മോട്ടോ ഗ്രാന്‍പ്രീ താരം പങ്കെടുത്തിട്ടുണ്ട്. ഇതേ തുടര്‍ന്ന് മോട്ടോര്‍ ബൈക്കില്‍ നിന്നും റോസി കാറിലേക്ക് മാറുന്നതായി വാര്‍ത്തകളും ഉണ്ടായിരുന്നു.