വംശീയ പക്ഷവാദികളായ സ്പാനിഷ് ഫുട്ബോള്‍ ആരാധകര്‍ക്ക് മുന്നില്‍ ഫുട്ബോള്‍ കളിക്കാന്‍ എന്തായാലും ഇംഗ്ലണ്ട് ഇല്ല. സ്പെയിനും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു സൌഹൃദ മത്സരം കളിക്കാനുള്ള അവസരമാണ് സ്പെയിനിലെ കാണികളുടെ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് എഫ് എ വേണ്ടെന്ന് വച്ചത്.
കഴിഞ്ഞ തവണ മാഡ്രിഡിലെ ബര്‍ണേബൂ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലീഷ് പ്രതിരോധ താരം ആഷ്ലി കോളും മുന്നേറ്റക്കാരന്‍ ഷോണ്‍ റൈറ്റ് ഫിലിപ്സും സ്പാനിഷ് കാണികളുടെ വംശീയാക്ഷേപത്തിനു വിധേയരായത് ഇംഗ്ലണ്ട് ഫുട്ബോളിന്‍റെ പരമോന്നത സമിതിയായ എഫ് എ ചൂണ്ടിക്കാട്ടി.
2004 ലായിരുന്നു ഈ സംഭവം. ഇതു പോലെ ഒന്ന് ഇനിയും ആഗ്രഹിക്കുന്നില്ലെന്ന് എഫ് എ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷനെ അറിയിച്ചു. എന്നാല്‍ ഇംഗ്ലണ്ട് പരിശീലകന്‍ ഫാബിയോ കാപ്പല്ലോ ഈ ഫിക്സറിന് അനുകൂലമാണ്. 2007 ല്‍ റയല്‍ മാഡ്രിഡിന്‍റെ പരിശീലകനായിരുന്നു കാപ്പല്ലോ.
സ്പെയിനുമായുള്ള സൌഹൃദ മത്സരം ആവേശകരമായിരിക്കും എന്നാണ് കാപ്പല്ലോ പറയുന്നത്. സ്പാനിഷ് ദേശീയ ടീമില്‍ കളിക്കുന്ന ഫെര്‍ണാണ്ടോ ടോറസ് സാബി അലോണ്‍സോ എന്നിവരെല്ലാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന താരങ്ങളാണ്. 2004 ല്‍ ഇംഗ്ലണ്ട് 1-0 നു പരാജയപ്പെട്ട മത്സരത്തില്‍ കോള്‍, ഷോണ്‍ റൈറ്റ് ഫിലിപ്സ്, റിയോ ഫെര്‍ഡിനാന്‍ഡ്, ജറമിയന്‍ ഡിഫോ, ജെറമിയന്‍ ജെനാസ് എന്നിവരെല്ലാം വംശീയതയ്ക്ക് പാത്രങ്ങളായിരുന്നു.
യൂറോപ്പില്‍ വംശീയ വിദ്വേഷം ഒരു സ്ഥിരം ഏര്‍പ്പാടായി മാറുകയാണ്. 2006 ല്‍ ഫ്രഞ്ച് മുന്നേറ്റക്കാരന്‍ തിയറി ഹെന്‍റിയെ വംശീയമായി ആക്ഷേപിച്ചതിന് സ്പാനിഷ് പരിശീലകന്‍ ലൂയിസ് അരഗോണിസ് ഒരു വന്‍ തുക പിഴയൊടുക്കേണ്ടി വന്നിരുന്നു. കഴിഞ്ഞ മാസം ഇംഗ്ലണ്ടും ക്രൊയേഷ്യയും തമ്മില്‍ നടന്ന 4-1 നു ഇംഗ്ലണ്ട് ജയിച്ച മത്സരത്തില്‍ വംശീയാക്രമണം നടത്തിയതിന്‍റെ പേരില്‍ പിഴയടയ്ക്കേണ്ടി വന്നിരുന്നു.