ക്രിക്കറ്റില്‍ വന്‍ റണ്‍ ശേഖരമുള്ള മാസ്റ്റര്‍ബ്ലാസ്റ്റര്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മൊഹാലിയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ടെസ്റ്റില്‍ ലോകറെക്കോഡ് മറികടക്കുമോ എന്ന ആകാംഷയൊക്കെ ആരാധകര്‍ക്ക്. പരസ്യം കാണുന്ന നിങ്ങള്‍ 35 കടന്ന സച്ചിന്‍റെ കരുത്തിന്‍റെ രഹസ്യം ബൂസ്റ്റാണെന്ന് കരുതാന്‍ വരട്ടെ.
മഞ്ഞളും പാലും ചേര്‍ത്ത ഒരു പാനീയമാണ് സച്ചിന്‍റെ ഇഷ്ടവിഭവം എന്നാണ് കണ്ടെത്തല്‍. മത്സരത്തിന് ഇറങ്ങുന്ന ദിവസത്തെ ബ്രേക്ക് ഫാസ്റ്റില്‍ ഇതിനു സച്ചിന്‍ മുന്‍ തൂക്കം കൊടുക്കാറുണ്ടെന്ന് ഇന്ത്യയും ഓസ്ട്രേലിയയും തങ്ങുന്ന താജ് ഹോട്ടലിലെ മുഖ്യ പാചകക്കാരന്‍ രമിത് കോലി പറയുന്നു.
കഴിഞ്ഞ മത്സരത്തിനു മുമ്പും സച്ചിന്‍ ഇത് ആവശ്യപ്പെട്ടിരുന്നു. എവിടെയാണെങ്കിലും സൂപ്പര്‍ താരം ഇതാവശ്യപ്പെടുമെന്നും കോലി പറയുന്നു. ഇതു മാത്രമല്ല ലോക റെക്കോഡിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന സച്ചിന്‍ പ്രഭാത ഭക്ഷണത്തില്‍ പ്രാധാന്യം നല്‍കുന്നത് ഏത്തപ്പഴ വിഭവങ്ങള്‍ക്കും മുട്ട വിഭവങ്ങള്‍ക്കുമാണ്.
കലോറിയുള്ളതും നാരുകള്‍ ചേര്‍ന്നതുമായ എനര്‍ജി ഡ്രിങ്കുകളാണ് താരത്തിനായി താജ് ഹോട്ടലിലെ ജോലിക്കാര്‍ കഴിഞ്ഞ മത്സരത്തിനു മുമ്പും നല്‍കിയത്. പ്രത്യേകമായി തയ്യാറാക്കിയ പയര്‍, ചിക്കനോ മത്സ്യമോ കലര്‍ന്ന ഭക്ഷണങ്ങള്‍, പലതരം പഴങ്ങളും വിവിധതരം പാനീയങ്ങളും കലോറി അടങ്ങിയ പ്രത്യേക തരം ബ്രഡ്ഡുകളും സച്ചിന്‍ ബ്രേക്ക് ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നു. ഏത്തപ്പഴ വിഭവവും സച്ചിനു പ്രിയമാണ്.
എന്നിരുന്നാലും കളിക്കാരുടെ ഇഷ്ട വിഭവങ്ങള്‍ നല്‍കാന്‍ ഹോട്ടല്‍ തയ്യാറാണത്രെ. ഇന്ത്യന്‍ ടീമിനു വേണ്ടത് എണ്ണ ചേരാത്ത വറത്തതും പൊരിച്ചതുമായ വിഭവങ്ങളാണ്. ദോശയും ഉപ്പ് മാവും പോഹയും പോലെയുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളാണ് ഇന്ത്യന്‍ ടീമിനു പ്രിയം. ഓസ്ട്രേലിയന്‍ ടീമിനു പ്രിയങ്കരം ദോശയാണ്.
ബ്രേക് ഫാസ്റ്റിന്‍റെ കാര്യം ഇതാണെങ്കില്‍ ഡിന്നറിന് തണ്ടൂരി വിഭവങ്ങളാണ് ഇരു ടീമിനും വേണ്ടത്.ചന്ദവാല മുര്‍ഗ് ടിക, സുര്‍ഖ് ലാല്‍ മുര്‍ഗ്, ഗ്ലൌട്ടി കബാബ് തുടങ്ങിയവയാണ് ഇഷ്ട ആഹാരങ്ങള്‍.