ഇസ്രയേല്‍ സന്ദര്‍ശനം: മോദി താമസിക്കുക ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹോട്ടലില്‍
സൌകര്യങ്ങള്‍ ഒട്ടും കുറയ്ക്കേണ്ട; ഇസ്രയേലില്‍ മോദി താമസിക്കുന്ന ഹോട്ടല്‍ ഏതെന്നറിയുമോ?
ത്രിദിന സന്ദര്‍ശനത്തിനായി ഇസ്രയേലില്‍ എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി താമസിക്കുന്നത് ലോകത്തിലെ ഏറ്റവും സുരക്ഷിതമായ ഹോട്ടല്‍ മുറിയില്‍ . ബോംബാക്രമണം, രാസാക്രമണം തുടങ്ങി എല്ലാത്തരത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കാന്‍ സാധിക്കുന്ന തരത്തിലുള്ള മുറിയാണ് ഇസ്രയേല്‍ മോദിക്കായി ഒരുക്കിയത്. ജറുസലേമിലെ കിങ് ദാവീദ് ഹോട്ടലിലാണ് പ്രധാനമന്ത്രി താമസിക്കുന്നത്.
ഹോട്ടല്‍ മുഴുവന്‍ ബോംബാക്രമണം നടത്തിലായും പ്രധാനമന്ത്രി താമസിക്കുന്ന മുറിക്ക് കേടുപാടുകള്‍ ഉണ്ടാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്. മോദിക്കും കൂടെയുള്ള സംഘത്തിനും വേണ്ടി 110 മുറികളാണ് ഒഴിപ്പിച്ചതെന്ന് കിങ് ദാവീദ് ഹോട്ടല്‍ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ഷെല്‍ഡോണ്‍ റിറ്റ്സ് പറഞ്ഞു.
ഇതിന് മുന്‍പ് ക്ലിന്റണ്, ബുഷ്, ഒബാമ, ട്രംപ് എന്നിങ്ങനെയുള്ള അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്കെല്ലാം ഈ ഹോട്ടലില്‍ സുരക്ഷിതമായ സൌകര്യം ഒരുക്കിയിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിക്കും ഒരുക്കിയിരിക്കുകയാണെന്നും റിറ്റ്സ് പറഞ്ഞു. ഇത് കൂടാതെ സസ്യാഹാരം കഴിക്കുന്ന മോദിയുടെ ഭക്ഷണശീലത്തെ മാനിച്ച് കൊണ്ട് മുറിക്കുള്ളില്‍ തന്നെ പ്രത്യേക അടുക്കള അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. പ്രധാനമന്ത്രിക്ക് ഇഷ്ടം ഗുജറാത്തി ഭക്ഷണമാണ് അതുകൊണ്ട് തന്നെ ഇന്ത്യന്‍ ഭക്ഷണം തന്നെ മോദിക്ക് നല്‍കുമെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു.
ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. മഹാനായ നേതാവാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന് ഇന്നലെ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇന്നലെ വ്യക്തമാക്കിയിരുന്നു. ഇന്ത്യക്കും ഇസ്രയേലിനും ഇടയിലുള്ള സൗഹൃത്തിന്റെ അതിര് ആകാശമാണെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. നമുക്ക് ഒരുമിച്ച് കൂടുതൽ നന്നായി പ്രവർത്തിക്കാനാകും. കാലങ്ങളായി അങ്ങയെ കാത്തിരിക്കുകയാണ് ഞങ്ങൾ. തുറന്ന കൈകളുമായാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഈ സന്ദർശനത്തിൽ മേക്ക് ഇൻ ഇന്ത്യ, മേക്ക് വിത്ത് ഇസ്രയേലാക്കി മാറ്റണമെന്നും നെതന്യാഹു ആഹ്വാനംചെയ്തു.
ഇസ്രയേലിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാകാൻ കഴിഞ്ഞത് വലിയ പദവിയാണെന്ന് മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ആഘോഷമാണ് തന്റെ സന്ദർശനം. ഭീകരവാദം ചെറുക്കുന്നതിൽ ഇന്ത്യക്കും ഇസ്രയേലിനും ഒരേനിലപാടാണുള്ളതെന്നും മോദി പറഞ്ഞു.
വിവിധ രംഗങ്ങളിൽ കരാറുകൾ ഒപ്പുവെക്കുന്നുണ്ടെങ്കിലും, മോദിയുടെ യാത്രയിൽ ഊന്നൽ ആയുധക്കച്ചവടമാണ്. ഇസ്രായേലിന്റെ ഏറ്റവും വലിയ ആയുധ വിപണിയായി മാറിയ ഇന്ത്യക്ക് ഇപ്പോൾതന്നെ പ്രതിവർഷം 6500 കോടിയോളംരൂപയുടെ യുദ്ധോപകരണങ്ങളാണ് അവർ നൽകുന്നത്.