യുദ്ധക്കപ്പലപകടം: കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ്
കാണാതായ നാവികർ മരിച്ചുവെന്ന് യുഎസ്
ജപ്പാൻ തീരക്കടലിൽ കണ്ടെയ്നർ കപ്പലുമായി കൂട്ടിയിടിച്ച യുഎസ്എസ് ഫിറ്റ്സ്ജറൾഡ് എന്ന യുദ്ധക്കപ്പലിലെ കാണാതായ നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് യുഎസ് നാവികസേന. അപകടമുണ്ടായ കപ്പലിന്റെ വെള്ളം കയറിയ ഭാഗത്തുനിന്നാണ് നാവികരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, കാണാതായ ഏഴു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയോ എന്ന കാര്യം യുഎസ് നാവികസേന ഇതുവരെയും വ്യക്തമാക്കിയിട്ടില്ല.
തുറമുഖ നഗരമായ യോകുസുകയ്ക്കു 104 കിലോമീറ്റർ അകലെ ശനിയാഴ്ച പുലർച്ചെയാണു ഫിലിപ്പീൻസിന്റെ കൂറ്റൻ കണ്ടെയ്നർ കപ്പലുമായി യുഎസ് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചത്. 222 മീറ്റർ നീളമുള്ള കണ്ടെയ്നർ കപ്പൽ ദിശമാറി തിരിയുമ്പോഴാണ് അപകടമുണ്ടായതെന്നു ജപ്പാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ക്യാപ്റ്റൻ നിഷേധിച്ചു. അപകടത്തിൽ കപ്പലിന്റെ ഒരു വശം പൂർണമായി തകർന്നതിനാല്‍ കപ്പലിലേക്ക് വെള്ളം കയറുകയും ചെയ്തിരുന്നു. അതേസമയം, യുദ്ധക്കപ്പൽ എങ്ങോട്ടുള്ള യാത്രയിലായിരുന്നുവെന്നു വ്യക്തമായിട്ടില്ല.