ലോകത്തിലെ മുഴുവൻ രാജ്യങ്ങളിലേക്കും സഞ്ചരിക്കുക. അവിടുത്തെ കാഴ്ചകളും സംസ്കാരവും ഭക്ഷണവുമെല്ലാം ആസ്വദിക്കുക. യാത്രകൾ ഇഷ്ടപ്പെടുന്ന ഏതൊരാളുടെയും സ്വപ്നമായിരിക്കും ഇത്. എന്നാൽ ഇത് സാധ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ 21കാരിയായ ലെക്സി ആൽഫ്രെഡ് എന്ന യുവതി ആ വലിയ സ്വപ്നം നിറവേറ്റിയിരിക്കുന്നു എന്നു മാത്രമല്ല. ലോക രാഷ്ട്രങ്ങൾ മുഴുവൻ സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി റെക്കോർഡുമിട്ടു
മെയ് 31ന് ദക്ഷിണ കൊറിയയിൽ എത്തിയതോടെയാണ് ല്ലെക്സി ഗ്ലോബിലെ 192 രാജ്യങ്ങളിലും സഞ്ചരിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി മാറിയത്. 2013 ജൂലായ് 8ന് യു കെ സ്വദേശിയായ ജെയിംസ് ആസ്ക്വിത് നേടിയ ഗിന്നസ് റെക്കോർഡിനെ മറികടന്നാണ് ലക്സി നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഫെഡറൽ സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യയിൽ കാലെടുത്ത് വച്ച് റെക്കോർഡ് നേടുമ്പോൾ 24 വയസും 192 ദിവസവുമായിരുന്നു ജെയിംസിന്റെ പ്രായം.
'ഔദ്യോഗികമായി തന്ന ലോകത്തിലെ എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ചു. വർഷങ്ങൾ നീണ്ട കഠിനാധ്വാനം ഈ നിമിഷത്തിന് വേണ്ടിയായിരുന്നു. ഇ യാത്രയിൽ എനിക്കൊപ്പം നിന്ന എല്ലാവരോടും ഞാൻ കടപ്പെട്ടിരിക്കുന്നു പുതിയ തുടക്കങ്ങളെ സ്വീകരിക്കാൻ ജീവിതത്തിലെ ഒരു പ്രധാന അധ്യായം ഇവിടെ അവസാനിക്കുകയാണ്' മുഴുവൻ ലോക രാഷ്ട്രങ്ങളും സന്ദർശിച്ച ശേഷം ലെക്സി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
യുവതിയുടെ കുടുംബം അമേരിക്കയിൽ ഒരു ട്രാവൽ ഏജൻസി നടത്തുകയാണ് യാത്രകളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന ലക്സി ചെറുപ്പം മുതൽ തന്നെ പല രാജ്യങ്ങളും സഞ്ചരിക്കാൻ തുടങ്ങി. റെക്കോർഡ് കീഴടക്കുകയൊന്നും അപ്പോൾ മനസിൽ ഉണ്ടായിരുന്നില്ല. 18ആമത്തെ വയസിലാണ് താൻ 78 രാജ്യങ്ങൾ സന്ദർശിച്ചു എന്ന് ലക്സി തിരിച്ചറിയുന്നത്. ഇതോടെയാണ് റെക്കോർഡ് മറികടക്കുക എന്ന ചിന്ത 21കാരിയുടെ ഉള്ളിൽ കയറിക്കൂടുന്നത്. മെയ് 31ന് ദക്ഷിണ കൊറിയയിൽ ആ യാത്രക്ക് പൂർണതയും കൈവന്നു.