തട്ടികൊണ്ടുപോയ ഇന്ത്യന്‍ ബാലിക തിരിച്ചെത്തി: ബഹ്‌റിന് നന്ദി, സാറയെ കണ്ടെത്തിയതിന്
ബഹ്‌റിന് നന്ദി, സാറയെ കണ്ടെത്തിയതിന്
ഒരമ്മയുടെ പ്രാര്‍ത്ഥനയും കണ്ണീരും മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടെ പ്രാര്‍ത്ഥനയും കൂടിയായിരുന്നു സാറ എന്ന അഞ്ച് വയസുകാരി. മനാമയില്‍ നിന്നും അഞ്ജാതര്‍ തട്ടിയെടുത്ത സാറ എന്ന ഇന്ത്യന്‍ ബാലികയ്ക്കായി കഴിഞ്ഞ 24 മണിക്കൂര്‍ പ്രാര്‍ത്ഥനയോടെ കഴിഞ്ഞവര്‍ക്ക് ശുഭവാര്‍ത്തയാണ് ബഹ്‌റൈന്‍ പൊലീസ് എത്തിച്ചത്.
മനാമയിലെ ഹൂറയില്‍ വഴിയരികില്‍ കാര്‍ നിര്‍ത്തി സാറയെ അതിനുള്ളിലിരുത്തി കടയിലേക്ക് പോയതായിരുന്നു അമ്മ. വെറും സെക്കന്റുകള്‍ക്കുള്ളിലാണ് സാറയും കാറും അപ്രത്യക്ഷമായത്. പിന്നീട് അനിശ്ചിതത്വത്തിന്റെ നിമിഷങ്ങളായിരുന്നു. മനാമ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചെങ്കിലും സമാധാനത്തോടെയിരിക്കാന്‍ സാറയുടെ ബന്ധുക്കള്‍ക്ക് കഴിഞ്ഞില്ല. സാറയുടെ ഫോട്ടോ നവമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് തങ്ങളുടെതായ വഴിയിലൂടെ അന്വേഷണം വ്യാപിപ്പിച്ചു.
സമാനരീതിയില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുട്ടികളെ തട്ടികൊണ്ടുപോയിട്ടുള്ളത് അറിയാവുന്നതിനാല്‍ ഭയം ഇരട്ടിയായിരുന്നു. പ്രാര്‍ത്ഥനകളും അന്വേഷണങ്ങളും ശുഭപര്യാവസായി ആയപ്പോള്‍ 24 മണിക്കൂറിന് ശേഷം സാറയെ മനാമ പൊലീസ് കണ്ടെത്തി അമ്മയ്ക്ക് അരികിലെത്തിച്ചു. 38 കാരനായ ബഹ്‌റൈന്‍ സ്വദേശിയും 37 കാരിയായ ഏഷ്യന്‍ സ്ത്രീയും ചേര്‍ന്നാണ് കുഞ്ഞിനെ തട്ടികൊണ്ടുപോയതെന്ന് കാപിറ്റല്‍ ഗവണ്‍മെന്റ് പൊലീസ് വ്യക്തമാക്കി.