Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചൈനയെ നേരിടാൻ പുതിയ സഖ്യം, ഔകസിൽ ഇന്ത്യയും ജപ്പാനും പങ്കാളികളാകുമോ?

ചൈനയെ നേരിടാൻ പുതിയ സഖ്യം, ഔകസിൽ ഇന്ത്യയും ജപ്പാനും പങ്കാളികളാകുമോ?
, വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (18:09 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദർശനവാർത്ത പുറത്തുവന്നതോടെ ഇന്തോ - പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം തടയാൻ വേണ്ടി ഉണ്ടാക്കിയ സുരക്ഷ ഉടമ്പടിയായ ഔകസിൽ ഇന്ത്യയേയും ജപ്പാനേയും ഉള്‍പ്പെടുത്തുമോ എന്നുള്ള ചർച്ചകൾ സജീവമാകുന്നു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷയ്ക്കായി ഓസ്ട്രേലിയയേയും ബ്രിട്ടനെയും കൂട്ടുപിടിച്ച് അമേരിക്ക രൂപികരിച്ച സഖ്യമാണ് ഔകസ്. മേഖലയിൽ ചൈനയുടെ സാന്നിധ്യം ഭീഷണിയായി കാണുന്ന ഇന്ത്യയും ജപ്പാനും കൂടി സഖ്യത്തിൽ ചേരുമോ എന്നാണ് ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
 
കഴിഞ്ഞ സെപ്തംബർ 15നായിരുന്നു ഔകസ്(AUKUS) സഖ്യ രൂപീകരണം. സഖ്യം രൂപികരിച്ചതിന് പിന്നാലെ ഓസ്ട്രേലിയയ്ക്ക് യുഎസിന്റെ സഹായത്തോടെ ആണവ അന്തർവാഹിനികൾ നിർമ്മിക്കാനും നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ പങ്കുവെക്കാനും ധാരണയായിരുന്നു. ദശാബ്ദങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രതിരോധ ഉടമ്പടി എന്നാണ് കരാറിനെ അന്താരാഷ്ട്ര മാധ്യമങ്ങൾ വിശേഷിപ്പിച്ചത്.
 
ഇന്ത്യ - ജപ്പാൻ രാജ്യങ്ങളിലെ നേതാക്കൾ ഈ ആഴ്ചയിൽ വാഷിങ്ടണിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇതോടെയാണ് ഔകസ് സഖ്യത്തിൽ ഇന്ത്യയും ജപ്പാനും അംഗങ്ങളാകുമോ എന്ന അഭ്യൂഹങ്ങൾ ശക്തമായത്. അതേസമയം ഔകസ് സഖ്യരൂപികരണത്തിന് പിന്നാലെ ഓസ്ട്രേലിയ ഫ്രാൻസുമായുള്ള അന്തര്‍വാഹിനി കരാര്‍ റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഫ്രാൻസ് രംഗത്ത് വരികയും ചെയ്‌തിരുന്നു.
 
അതേസമയം ഇന്ത്യയെ ഉൾപ്പെടുത്തി ഒരു സഖ്യത്തിന് ഫ്രാൻസ് മുൻഐ എടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് സഖ്യസാധ്യതകൾ തേടി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റുമായുള്ള ചർച്ചയിൽ ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ ചർച്ചാവിഷയമാകുമെന്നാണ് കരുതുന്നത്.
 
അതേസമയം ഇന്തോ-പസഫിക് മേഖലയിലെ പുതിയ സഖ്യ രൂപികരണത്തെ ചൈന ശക്തമായാണ് എതിർക്കുന്നത്. മേഖലയിലെ സ്ഥിരതയും സമാധാനവും തകർത്ത് ആയുധമത്സരത്തി‌ന് ഇടയാക്കുന്നതാണ് പുതിയ കരാറെന്ന് ചൈന കുറ്റപ്പെടുത്തി. ശീതയുദ്ധത്തിലേക്കുള്ള പുറപ്പാടാണ് മൂന്ന് രാജ്യങ്ങളും നടത്തുന്നതെന്നുമായിരുന്നു അമേരിക്കയിലെ ചൈനീസ് എംബസി വ്യക്തമാക്കിയത്.ഫ്രാൻസും പുതിയ സഖ്യത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 19,682 പേർക്ക് കൊവിഡ്,152 മരണം