ചൈനയില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നു; യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക
ഇതുസംബന്ധിച്ച് ലെവല്‍ 2 യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
ചൈനയില്‍ ചിക്കുന്‍ഗുനിയ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ യാത്ര ചെയ്യുന്ന പൗരന്മാര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്ക. കഴിഞ്ഞയാഴ്ച യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) ഇതുസംബന്ധിച്ച് ലെവല്‍ 2 യാത്രാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു.
ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയില്‍ 7,000-ത്തിലധികം വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്, കോവിഡ്-19 പാന്‍ഡെമിക് കാലഘട്ടത്തില്‍ സ്വീകരിച്ചതിന് സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിക്കുകയാണ്. ഡെങ്കി, സിക്ക എന്നിവയുമായി ചിക്കുന്‍ഗുനിയ ലക്ഷണങ്ങള്‍ വളരെ സാമ്യമുള്ളതിനാല്‍ രോഗം നിര്‍ണ്ണയിക്കാനും ആകെ രോഗബാധിതരുടെ എണ്ണം കൃത്യമായി നിര്‍ണ്ണയിക്കാനും ബുദ്ധിമുട്ടാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ചിക്കുന്‍ഗുനിയയുടെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളില്‍ ചിലത് കടുത്ത പനി, സന്ധി വേദന, തലവേദന, പേശി വേദന, അതുപോലെ സന്ധി വീക്കം, തടിപ്പുകള്‍ എന്നിവയാണ്.
രോഗിയെ കൊതുക് കടിച്ചതിന് ഏകദേശം 4-8 ദിവസങ്ങള്‍ക്ക് ശേഷമാണ് സാധാരണയായി ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ആദ്യം, 'പെട്ടെന്നുള്ള പനി, പലപ്പോഴും കഠിനമായ സന്ധി വേദനയോടൊപ്പം' ഉണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. സന്ധി വേദന ചില സന്ദര്‍ഭങ്ങളില്‍ കുറച്ച് ദിവസങ്ങള്‍ മുതല്‍ ആഴ്ചകള്‍, മാസങ്ങള്‍, വര്‍ഷങ്ങള്‍ വരെ നീണ്ടുനില്‍ക്കും എന്നത് ശ്രദ്ധേയമാണ്. മിക്ക രോഗികളും അണുബാധയില്‍ നിന്ന് പൂര്‍ണ്ണമായും സുഖം പ്രാപിക്കുന്നുണ്ടെങ്കിലും, CHIKV അണുബാധ മൂലം കണ്ണ്, ഹൃദയം, നാഡീസംബന്ധമായ സങ്കീര്‍ണതകള്‍ എന്നിവ ഉണ്ടായിട്ടുണ്ട്.