സ്വന്തം പാർട്ടിക്കാർ പാരയായി; ഒബാമ കെയർ ‘ഉടച്ചുവാര്‍ക്കാനുള്ള’ ട്രംപിന്റെ നീക്കം പൊളിഞ്ഞു
ട്രംപിന് തിരിച്ചടി; ഒബാമ കെയർ ‘വെട്ടാനുള്ള’ നീക്കം പാളി
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍ തിരിച്ചടി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അംഗങ്ങള്‍തന്നെ ഈ പദ്ധതിയെ എതിര്‍ത്തിരുന്നു. അതുകൊണ്ട് തന്നെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പാസാക്കാനായില്ല. ട്രംപിന്റെ സ്വപ്ന പദ്ധതികളില്‍ ഒന്നായിരുന്നു ഈ പുതിയ ഇന്‍ഷുറന്‍സ് പദ്ധതി.
ട്രംപിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളില്‍ ഒന്നായിരുന്നു ഇത്. ഒബാമ കെയര്‍ രാജ്യംകണ്ട ഏറ്റവും വലിയ ദുരന്തമാണെന്നും താനത് ഉടച്ചുവാര്‍ക്കുമെന്ന് തിരഞ്ഞെടുപ്പ് വേദികളില്‍ ട്രംപ് പ്രസംഗിച്ചിരുന്നു.
എന്നാല്‍ പുതിയ ബില്ലിന് വേണ്ടത്ര മാറ്റങ്ങൾ ഇല്ലെന്ന് സ്വന്തം പാർട്ടിക്കാർ ചൂണ്ടികാണിച്ചു. ഇവർക്കൊപ്പം ഡെമോക്രാറ്റുകളും ഒന്നടങ്കം ബില്ലിനെ എതിര്‍ത്തു. ബില്ല് പാസാവാതെ വന്നതോടെ അമേരിക്കയില്‍ ഒബാമാ കെയര്‍ പദ്ധതി നിലനിൽക്കാനുള്ള സാധ്യതകള്‍ കൂടിയിട്ടുണ്ട്.