Donald Trump: 'എണ്ണശേഖരം വികസിപ്പിക്കാന്‍ യുഎസ് സഹായിക്കും'; പാക്കിസ്ഥാന്‍ അനുകൂല നിലപാട് തുടര്‍ന്ന് ട്രംപ്, ഇന്ത്യക്ക് തിരിച്ചടി
ഇന്ത്യയ്ക്കു 25 ശതമാനം തീരുവയും അധിക പിഴയും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് ട്രംപിന്റെ പാക്കിസ്ഥാന്‍ അനുകൂല നിലപാട്
Donald Trump: പാക്കിസ്ഥാന്‍ അനുകൂല നിലപാട് തുടര്‍ന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാക്കിസ്ഥാനിലെ എണ്ണശേഖരം വികസിപ്പിക്കാന്‍ യുഎസ് തയ്യാറാണെന്ന് ട്രംപ് പറഞ്ഞു.
ഇന്ത്യയ്ക്കു 25 ശതമാനം തീരുവയും അധിക പിഴയും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോഴാണ് ട്രംപിന്റെ പാക്കിസ്ഥാന്‍ അനുകൂല നിലപാട്. പാക്കിസ്ഥാനുമായി ഒരു വ്യാവസായിക കരാറിലേക്ക് യുഎസ് എത്തുന്നു. എണ്ണ ശേഖരം വികസിപ്പിക്കാന്‍ യുഎസ് സഹായിക്കും. ഭാവിയില്‍ ഇസ്ലമാബാദ് ഇന്ത്യക്ക് എണ്ണ വില്‍ക്കുന്ന കാലം വന്നേക്കാമെന്നും ട്രംപ് സൂചന നല്‍കി.
' പാക്കിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാറിലേക്ക് എത്തി. അതിലൂടെ പാക്കിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ആര്‍ക്കറിയാം, ഒരുപക്ഷേ അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കും!,' ട്രംപ് പറഞ്ഞു.