ഇസബെല്ലെ ഡൈനോയറെ അറിയുമോ ?; ചരിത്രത്തില്‍ ഇടംപിടിച്ച ഇവര്‍ മരിച്ചിട്ട് നാളുകളായി
ആദ്യ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വനിത മരിച്ചത് എങ്ങനെ ?
ആദ്യ മുഖം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രീയയ്‌ക്ക് വിധേയയായ ഫ്രഞ്ച് വനിത മരിച്ചു. കഴിഞ്ഞ ഏപ്രിലിൽ മരിച്ച ഇസബെല്ലെ ഡൈനോയറുടെ (49) മരണവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മരുന്നുകളുടെ അമിതമായ ഉപയോഗവും ശരീരത്തിന്റെ പ്രതിരോധശേഷി ഇല്ലാതാകുകയും ചെയ്‌തതാണ് ഇവരുടെ മരണത്തിന് കാരണമായതെന്ന് അമീൻസിലെ ആശുപത്രിയിലെ ഡോക്ടർമാർ വ്യക്തമാക്കി.
2005ല്‍ നായയുടെ ആക്രമണത്തില്‍ ഇസബെല്ലെയുടെ മുഖം വികൃതമായി. ഈ സമയം തന്നെ മസ്‌തിഷ്‌ക മരണം സംഭവിച്ച വ്യക്‌തിയുടെ മൂക്കും കവിളും ചുണ്ടും ഇസബെല്ലെയില്‍ വച്ചുപിടിപ്പിക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ശസ്‌ത്രക്രീയയ്‌ക്ക് ഒടുവിലാണ് ഇവര്‍ക്ക് കൃത്യമമായി മുഖം വച്ചു പിടിപ്പിച്ചത്.
ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച അവയവങ്ങളോട് ശരീരം പ്രതികരിക്കാതിരുന്നതോടെ അമിതമായി മരുന്നുകളെ ആശ്രയിക്കുകയായിരുന്നു. ദാതാവിന്റെ ശരീര കോശങ്ങളുമായി ഡൈനോയറുടെ ശരീരം പൊരുത്തപ്പെടാതെ വന്നതോടെ ആരോഗ്യം നശിക്കുകയും കാന്‍സര്‍ രോഗത്തിന് അടിമപ്പെടുകയുമായിരുന്നു. വീണ്ടും മരുന്നുകള്‍ നല്‍കിയതോടെ കഴിഞ്ഞ ഏപ്രിലിൽ ഇവര്‍ മരിക്കുകയായിരുന്നു.
മുഖം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രീയയുടെ ആദ്യഘട്ടം വിജയിച്ചതോടെ 2006 ഫെബ്രുവരിയിൽ ഡൈനോയർ മാധ്യമങ്ങൾക്ക് മുന്നിലും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതോടെ മാധ്യമങ്ങള്‍ വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്‌തു. ഇതിനുശേഷം യുഎസ്, സ്പെയിൻ, ചൈന, ബെൽജിയം, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭാഗികമായോ പൂർണമായോ മുഖം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നു.