ന്യൂയോര്‍ക്കിലെ മിയ ഫൌണ്ടേഷന്‍ എന്ന ആനിമല്‍ റെസ്‌ക്യൂ ഗ്രൂപ്പിലേക്ക് ഇപ്പോള്‍ സഹായധനമൊഴുകുകയാണ്. അത്, ഒരു പട്ടിക്കുട്ടിയുടെയും പ്രാവിന്‍റെയും സ്നേഹം കണ്ടിട്ടുള്ള പ്രതികരണമാണ്.
എന്തോ അപകടം പറ്റി പറക്കാനാവാത്ത ഒരു പ്രാവും നടക്കുന്നതിന് ബുദ്ധിമുട്ടുള്ള ഒരു പട്ടിക്കുട്ടിയും തമ്മിലുള്ള അസാധാരണ സൌഹൃദമാണ് ലോകമെമ്പാടുമുള്ള മൃഗസ്നേഹികളെ ഇപ്പോള്‍ ആശ്ചര്യപ്പെടുത്തുന്നത്.
നട്ടെല്ലിന്‍റെ വൈകല്യം മൂലമാണ് പട്ടിക്കുട്ടിക്ക് നടക്കാന്‍ കഴിയാത്തതെന്നാണ് ആനിമല്‍ റെസ്‌ക്യൂ ഗ്രൂപ്പിന്‍റെ ഫൌണ്ടറായ സ്യൂ റോജേഴ്‌സ് പറയുന്നത്. തുല്യദുഃഖിതരായ പട്ടിക്കുട്ടിയും പ്രാവും സൌഹൃദത്തിലാവാന്‍ അധികസമയം വേണ്ടിവന്നില്ല.
ഏത് സമയത്തും ഒരുമിച്ചാണ് ഇരുവരും. പ്രാവും പട്ടിക്കുട്ടിയും തമ്മിലുള്ള സ്നേഹപ്രകടനങ്ങള്‍ കണ്ട് വിസ്‌മയിച്ച സ്യൂ റോജേഴ്‌സ് അതിന്‍റെ ചില ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലിട്ടു. ഇത് വൈറലായതോടെ ഡൊണേഷന്‍ ഒഴുകുകയാണ് മിയ ഫൌണ്ടേഷനിലേക്ക്.
ഇതിനോടകം 6000 ഡോളറാണ് ലഭിച്ചത്. പ്രാവിനെയും പട്ടിക്കുട്ടിയെയും ഒരു കുറവും വരുത്താതെ സംരക്ഷിക്കണമെന്നും ഇവരുടെ സൌഹൃദവും സ്നേഹവും എന്നും തുടരാന്‍ അനുവദിക്കണമെന്നുമാണ് മൃഗസ്നേഹികളുടെ ആവശ്യം.