അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവര്‍ത്തനങ്ങളെ ആശങ്കയോടെയാണ് കാണുന്നതെന്ന് ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രി യുഎൻ രക്ഷാസമിതിയിൽ പറഞ്ഞത്. ഇപ്പോഴിതാ ഇന്ത്യയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന വാർത്തകളാണ് അഫ്‌ഗാനിൽ നിന്നും വരുന്നത്. താലിബാൻ ഭരണത്തിൽ ഹഖാനികൾക്ക് വ്യക്തമായ സ്വാധീനം ഉണ്ടാകുമെന്ന് ഉറപ്പാക്കുന്നതാണ് അഫ്‌ഗാനിൽ നിന്നും വരുന്ന വാർത്തകൾ.
ആരാണ് ഹഖാനികൾ.
1980-കളില്‍ സോവിയറ്റ് വിരുദ്ധ ജിഹാദിന് നേതൃത്വം നല്‍കിയതിലൂടെ യുദ്ധവീരൻ എന്ന പരിവേഷം ലഭിച്ച ജലാലുദ്ദീന്‍ ഹഖാനിയാണ് അഫ്‌ഗാനിസ്ഥാനിലെ ഏറ്റവും ഭയപ്പെടുത്തുന്ന ഹഖാനി ഗ്രൂപ്പിന് നേതൃത്വം നൽകിയത്. സൊവിയറ്റ് വിരുദ്ധ പോരാട്ടത്തിന് യുഎസ് ശക്തമായ പിന്തുണ അറിയിച്ച് പണവും ആയുധങ്ങളും കൈമാറിയതോടെ ഹഖാനി ഗ്രൂപ്പും വളർന്നു.
സോവിയറ്റ് പിന്മാറ്റത്തിന് ശേഷം പക്ഷേ ഹഖാനി ഒസാമ ബിൽലാദൻ അടക്കമുള്ള തീവ്രവാദികളുമായി ബന്ധം വളർത്തിയെടുത്തു. 1996-ല്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുത്ത താലിബാനുമായി ജലാലുദ്ദീന്‍ ഹഖാനി സഖ്യമുണ്ടാക്കുകയും 2001ലെ അമേരിക്കൻ അധിനിവേശം വരെ താലിബാൻ മന്ത്രിസഭയിൽ തുടരുകയും ചെയ്‌തു.
അസുഖങ്ങളെ തുടർന്ന് 2018ലാണ് ജലാലുദ്ദീൻ ഹഖാനി മരണപ്പെടുന്നത്. ഇതിനെ തുടർന്ന് മകൻ സിറാജുദ്ദീന്‍ ഹഖാനി ശൃഖലയുടെ നേതൃത്വം ഏറ്റെടുത്തു. സിറാജുദ്ദീനിന്റെ നേതൃത്ത്വത്തിലാണ് ദയാരഹിതമായ പ്രവർത്തികളിലൂടെ ഹഖാനികൾ കുപ്രസിദ്ധരാകുന്നത്. അഷ്‌റഫ് ഗനി സര്‍ക്കാര്‍ തടവിലാക്കുകയും വധശിക്ഷ വിധിക്കുകയും ചെയ്ത അനസ് ഹഖാനി, സിറാജുദ്ദീന്‍ ഹഖാനിയുടെ ഇളയ സഹോദരനാണ്.
അഫ്‌ഗാനിൽ കഴിഞ്ഞ 20 വർഷക്കാലത്ത് നടന്ന എല്ലാ ഞെട്ടിപ്പികുന്നതും മാരകവുമായ അക്രമങ്ങളിലും ഹഖാനി ഗ്രൂപ്പിന് പങ്കുണ്ട്. സൈനിക സ്ഥാപനങ്ങളിലും എംബസികളിലുംതന്ത്രപ്രധാനമേഖലകളിലും ചാവേർ അക്രമണങ്ങൾ നടത്തുന്നതിൽ കഴിവ് തെളിയിച്ചവരാണ് ഹഖാനികൾ. 2008-ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ഹമീദ് കര്‍സായിക്കെതിരായ വധശ്രമത്തിലും വിദേശപൗരന്‍മാരെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടതുമടക്കമുള്ള ആരോപണങ്ങൾ ഇവർക്കെതിരെയുണ്ട്.
പാകിസ്ഥാൻ സൈന്യവുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്നതാണ് ഇന്ത്യയുടെ ആശങ്കകൾക്ക് അടിസ്ഥാനം. ഇസ്ലാമാബാദ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ 'യഥാര്‍ത്ഥ കൈ എന്നാണ് ഇവരെ യു.എസ്. അഡ്മിറല്‍ ആയിരുന്ന മൈക് മുള്ളന്‍ ഒരിക്കല്‍ വിശേഷിപ്പിച്ചത്. അല്‍ഖ്വയ്ദയ്ക്കും താലിബാനും ഇടയിലെ കണ്ണിയായും ഇവരെ വിശേഷിപ്പിക്കുന്നു.