Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍; ക്രെഡിറ്റെടുത്ത് ട്രംപ്, എട്ടുകാലിമമ്മൂഞ്ഞെന്ന് സോഷ്യല്‍ മീഡിയ
യുഎസ് മധ്യസ്ഥചര്‍ച്ചകള്‍ നടത്തിയതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്
Donald Trump: ഇന്ത്യ - പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കിയത് അമേരിക്കയുടെ ഇടപെടലാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ ട്രോള്‍. ട്രംപ് എട്ടുകാലി മമ്മൂഞ്ഞ് കളിക്കുകയാണെന്ന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തു. ട്രംപിന്റെ അവകാശവാദത്തെ ഇന്ത്യയും പാക്കിസ്ഥാനും പരോക്ഷമായി തള്ളിയിട്ടുണ്ട്.
യുഎസ് മധ്യസ്ഥചര്‍ച്ചകള്‍ നടത്തിയതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നടന്ന ചര്‍ച്ചകളാണ് വെടിനിര്‍ത്തല്‍ തീരുമാനത്തിനു കാരണമെന്ന് ഇന്ത്യ വ്യക്തമാക്കി.
ശനിയാഴ്ച വൈകിട്ട് ആറിനാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇന്ത്യ നടത്തിയത്. വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് പാക്കിസ്ഥാനാണ്. ഇരു രാജ്യങ്ങളുടെയും സൈനിക വിഭാഗം ഡയറക്ടര്‍ ജനറല്‍മാര്‍ ഫോണില്‍ ദീര്‍ഘനേരം സംസാരിച്ചു. സമാധാനം പുലരുന്നതിനു വേണ്ടി വെടിനിര്‍ത്തല്‍ ഉടന്‍ നിലവില്‍ വരണമെന്ന് ഇരു വിഭാഗവും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ യുഎസ് നേതൃത്വം നല്‍കിയ മധ്യസ്ഥ ചര്‍ച്ചകളാണ് വെടിനിര്‍ത്തലിനു കാരണമെന്ന് ട്രംപ് അവകാശപ്പെടുകയായിരുന്നു. മൂന്നാമതൊരു കക്ഷിയുടെ ഇടപെടല്‍ ഇല്ലാതെയാണ് വെടിനിര്‍ത്തല്‍ തീരുമാനത്തിലേക്ക് എത്തിയതെന്ന് ഇരു രാജ്യങ്ങളും അവകാശപ്പെട്ടു.