ഒട്ടാവാ: ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി നയാഗ്ര വെള്ളച്ചാട്ടത്തില്‍ ത്രിവർണ പതാക ഉയർത്തും. ചരിത്രത്തില്‍ ആദ്യമായാണ് നയാഗ്രയില്‍ ത്രിവര്‍ണപതാക ഉയരുന്നത്. ടൊറോന്റോയിലെ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്. ഒട്ടാവയിലെ ഇന്ത്യന്‍ സ്ഥാനപതിയുടെ ഓഫീസിലും ടൊറന്റോയിലെയും വാന്‍കൂവറിലെയും കോണ്‍സുലേറ്റുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തും.
കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്റോയിലെ 553 മീറ്റര്‍ ഉയരമുള്ള സിഎന്‍ ടവറിലും സിറ്റിഹാളിലും ത്രിവര്‍ണ ദീപങ്ങൾ തെളിയും. ഈ അഴ്ച അവസാനിയ്ക്കുന്നതുവരെ ഈ ദീപ്പാലങ്കാരം കെട്ടിടങ്ങളിൽ തുടരും. നാളെ വൈകിട്ടാണ് നയഗ്രയിൽ ഇന്ത്യൻ പതാക ഉയർത്തുക. സി എന്‍ ടവറില്‍ ഞായറാഴ്ചയും പതാക ഉയർത്തും. 'ഈ സ്വാതന്ത്ര്യദിനത്തില്‍, നയാഗ്ര വെള്ളച്ചാട്ടവും, സിഎന്‍ ടവറും ഇന്ത്യന്‍ ത്രിവര്‍ണത്തില്‍ പ്രകാശിക്കുമെന്നത് അഭിമാനകരമാണ്' എന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അപൂര്‍വ ശ്രീവാസ്തവ പറഞ്ഞു. ഗ്രേറ്റര്‍ ടൊറന്റോയിലെ ബ്രാംപ്ടണില്‍ ഇന്ത്യയുടെ 74ആം സ്വാതന്ത്ര്യദിനത്തിന്റെ പ്രതീകമായി 74 വൃക്ഷ തൈകള്‍ നടും എന്നും അദ്ദേഹം പറഞ്ഞു