Publish Date: Fri, 17 Apr 2026 (09:10 IST)
Updated Date: Fri, 17 Apr 2026 (09:13 IST)
ആണവായുധം ഉണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പു നല്‍കിയെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ ഉടന്‍ ഉണ്ടാകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം കൈമാറാന്‍ ഇറാന്‍ തയ്യാറാണ് അറിയിച്ചിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. അമേരിക്ക മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ ഒട്ടുമിക്കവയും ഇറാന്‍ അംഗീകരിച്ചിട്ടുണ്ട്. 20 വര്‍ഷത്തേക്ക് എങ്കിലും ആണവായുധം ഉണ്ടാക്കില്ലെന്ന് ഉറപ്പുനല്‍കിയിരിക്കുകയാണ്.
ഇത് സംഭവിച്ചാല്‍ എണ്ണ വില കുറയുമെന്നും വിലക്കയറ്റത്തിന്റെ ഭീഷണി മാറുമെന്നും നിങ്ങള്‍ ഒരു ആണവയുദ്ധത്തിന്റെ സമ്പൂര്‍ണ്ണ നാശ ഭീഷണിയില്‍ നിന്ന് രക്ഷപ്പെടുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം അമേരിക്കയുടെ സന്ദേശം കൈമാറുന്നതിനും രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്നതിനുമായി പാകിസ്ഥാന്‍ സൈനിക മേധാവി അസിം മുനീര്‍ ഇറാനിലെത്തി. പാക് പ്രതിനിധി സംഘത്തില്‍ ആഭ്യന്തര മന്ത്രി മൊഹ്സിന്‍ നഖ്വിയും ഉള്‍പ്പെടുന്നു. പാകിസ്ഥാന്‍ മധ്യസ്ഥത വഹിച്ച സമാധാന ചര്‍ച്ചകള്‍ നേരത്തെ പരാജയപ്പെട്ടിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടാം ഘട്ട ചര്‍ച്ചകള്‍ നാളെ ആരംഭിച്ചേക്കാം.
പക്ഷേ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇറാന് മുന്നില്‍ അമേരിക്ക വയ്ക്കാന്‍ ഉദ്ദേശിക്കുന്ന വ്യവസ്ഥകള്‍ അറിയിക്കാന്‍ പാകിസ്ഥാന്‍ പ്രതിനിധി സംഘം ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയിട്ടുണ്ട്. വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അടിയന്തര ചര്‍ച്ച ആവശ്യമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.