Publish Date: Sat, 28 Feb 2026 (19:42 IST)
Updated Date: Sat, 28 Feb 2026 (19:46 IST)
ദുബായ്: അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തുന്ന ആക്രമണങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയിലാണ്. ബഹ്റൈന്‍, ഖത്തര്‍, കുവൈറ്റ്, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ദോഹയിലുടനീളം സ്‌ഫോടനശബ്ദങ്ങള്‍ കേള്‍ക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അബുദാബിയിലെ അല്‍ ദഫ്ര വ്യോമതാവളം യുഎഇയും യുഎസ് വ്യോമസേനയും പങ്കിടുന്നു. മുന്‍കരുതല്‍ നടപടിയായി യുഎഇ തങ്ങളുടെ വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാനിയന്‍ മിസൈല്‍ യുഎസിന്റെ ബഹ്റൈന്‍ നാവിക താവളത്തില്‍ പതിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുവൈറ്റ് താവളത്തിലും സൗദി അറേബ്യയിലെ യുഎസ് താവളത്തിലും ആക്രമണങ്ങള്‍ ഉണ്ടായി. കുവൈറ്റില്‍ സൈറണുകള്‍ മുഴക്കി ജനങ്ങള്‍ക്ക് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി.
അവശ്യസാധനങ്ങള്‍ സംഭരിക്കാനും ജനാലകളില്ലാത്ത ഒരു മുറി തിരഞ്ഞെടുക്കാനും വീടിനുള്ളില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറാനും ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം ഖത്തറിലെത്തിയ ഒരു മിസൈല്‍ തടഞ്ഞുനിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകളും ഉണ്ട്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്ന് ബഹ്റൈന്‍ പ്രതികരിച്ചു.അതേസമയം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെയുള്ള ഇറാന്‍ ആക്രമണങ്ങളില്‍ ഇന്ത്യക്ക് കടുത്ത ആശങ്കയുണ്ട്. മലയാളികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലകളിലാണ് ആക്രമണങ്ങള്‍ നടക്കുന്നത്.