കോവിഡ് ഭീതിയെ തുടര്‍ന്ന് ഇസ്രയേലില്‍ നിയന്ത്രണം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത അതിതീവ്ര വ്യാപനശേഷിയുള്ള കോവിഡ് വകഭേദം ഇസ്രയേലിലും സ്ഥിരീകരിച്ചു. 'നമ്മള്‍ ഇപ്പോള്‍ അടിയന്തരാവസ്ഥയുടെ വക്കിലാണ്' ഇസ്രയേല്‍ പ്രധാനമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്ക്ഡൗണിന് സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ ഇസ്രയേലില്‍ ഏര്‍പ്പെടുത്തുമെന്നാണ് സൂചന.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡ് വകഭേദം ഇസ്രയേലില്‍ സ്ഥിരീകരിച്ചതായി ദേശീയ ആരോഗ്യമന്ത്രാലയം തന്നെയാണ് അറിയിച്ചത്. 'ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദം ഇസ്രയേലിലും സ്ഥിരീകരിച്ചു' - ആരോഗ്യമന്ത്രാലയം അറിയിച്ചു. മലാവിയില്‍നിന്ന് മടങ്ങിയെത്തിയ വ്യക്തിക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും വിദേശത്തുനിന്ന് മടങ്ങിയ രണ്ടുപേരില്‍ രോഗലക്ഷണങ്ങളുണ്ടെന്നും ഇവര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിരവധി തവണ പരിവര്‍ത്തനം സംഭവിക്കാന്‍ സാധ്യതയുള്ള കോവിഡിന്റെ പുതിയ വകഭേദമാണ് ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചത്. ബി.1.1.529 എന്നാണ് പുതിയ വകഭേദത്തിന്റെ ശാസ്ത്രീയ നാമം.