സിറിയയിലെ ആയുധ സംഭരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു
സിറിയന്‍ നിയന്ത്രണത്തിലുള്ള ഗോളന്‍ കുന്നുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈവശപ്പെടുത്തി
വിമതസേന അധികാരം പിടിച്ചെടുത്ത സിറിയയില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ആയുധ സംഭരണ കേന്ദ്രങ്ങള്‍ ഇസ്രയേല്‍ ബോംബിട്ട് തകര്‍ത്തു. ആയുധശേഖരം വിമതസേനയുടെ കൈയില്‍ എത്തുന്നത് തടയാനാണ് സിറിയയില്‍ വ്യോമാക്രമണം നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
സുവൈദയിലെ ഖല്‍ഖലാഹ വ്യോമതാവളത്തിലെ ആയുധ ശേഖരങ്ങള്‍, ദാരാ ഗവര്‍ണറേറ്റിലെ സൈനിക കേന്ദ്രങ്ങള്‍, ദമാസ്‌കസിലെ മെസ്സെ വ്യോമതാവളം എന്നിവിടങ്ങളിലാണ് ഇന്ന് പുലര്‍ച്ചെ ആക്രമണമുണ്ടായതെന്ന് സിറിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനിടെ ഇസ്രയേലിന്റെ കര സേന സിറിയന്‍ അതിര്‍ത്തിയിലേക്കു പ്രവേശിച്ചു.
അസദ് ഭരണകൂടത്തിന്റെ പതനത്തെ തുടര്‍ന്ന് സിറിയയിലെ ആയുധ ശേഖരങ്ങള്‍ തങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഹിസ്ബുള്ളയ്‌ക്കോ ഇസ്രയേലിന് ഭീഷണിയാകുന്ന മറ്റേതെങ്കിലും ഘടകങ്ങള്‍ക്കോ അവ ലഭിക്കുന്നത് തടയാന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് ഇസ്രയേല്‍ പ്രതിരോധസേന പറഞ്ഞു.
സിറിയന്‍ നിയന്ത്രണത്തിലുള്ള ഗോളന്‍ കുന്നുകള്‍ക്കു സമീപമുള്ള പ്രദേശങ്ങള്‍ ഇസ്രയേല്‍ കൈവശപ്പെടുത്തി. തങ്ങള്‍ കൈവശപ്പെടുത്തിയ സ്ഥലത്തിനു സമീപമുള്ള അഞ്ച് ഗ്രാമങ്ങളിലെ ജനങ്ങളോടു വീടുകളില്‍ തുടരാന്‍ ഇസ്രയേല്‍ സൈന്യം ആവശ്യപ്പെട്ടു.