ഇസ്രായേലില്‍ നടത്തിയ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രായേലിനും സഖ്യകക്ഷിയായ അമേരിക്കയ്ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കി ഇറാന്‍. തിരിച്ചടിച്ചാല്‍ പ്രത്യാക്രമണം രൂക്ഷമാകുമെന്നാണ് മുന്നറിയിപ്പ്. സയണിസ്റ്റ് ഭരണകൂടത്തിന്റെ ഭീകരപ്രവര്‍ത്തനങ്ങളോടുള്ള ഇറാന്റെ നിയമപരവും നിയമാനുസൃതവുമായുള്ള പ്രതികരണമാണിത്. സയണിസ്റ്റ് ഭരണകൂടം പ്രതികരിക്കാനോ കൂടുതല്‍ ദ്രോഹപ്രവര്‍ത്തനങ്ങള്‍ നടത്താനോ ധൈര്യപ്പെട്ടാല്‍ തുടര്‍ന്നും പ്രതികരണങ്ങളുണ്ടാകുമെന്ന് ഇറാന്‍ വ്യക്തമാക്കി.
ശത്രുതാപരമായ നടപടികളുമായി അമേരിക്ക ഇടപെടുകയാണെങ്കില്‍ ഇറാഖിലെയും പ്രദേശങ്ങളിലെയും എല്ലാ അമേരിക്കന്‍ താവളങ്ങളും ലക്ഷ്യമിടുമെന്ന് യുഎസിന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ടെല്‍ അവീവിലെ ജാഫയില്‍ അക്രമികള്‍ ജനകൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇറാന്റെ ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്നാണ് ഇസ്രായേല്‍ പ്രതികരിച്ചിട്ടുള്ളത്.