Kuwait Fire: കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ എണ്ണം 49 ആയി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു
Kuwait Fire: കുവൈറ്റിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം 49 ആയി. മരിച്ചവരില്‍ 40 പേരും ഇന്ത്യക്കാരാണ്. അതില്‍ 11 പേരും മലയാളികള്‍. അമ്പതിലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. പരുക്കേറ്റവരില്‍ ഏഴ് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് വിദേശകാര്യ സഹമന്ത്രി അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുമാണ് രണ്ട് ലക്ഷം രൂപ അനുവദിക്കുക. മൃതദേഹങ്ങള്‍ ഉടന്‍ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
പന്തളം സ്വദേശി ആകാശ് എസ്.നായര്‍, കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീന്‍ ഷമീര്‍, കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശി രഞ്ജിത്ത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരന്‍, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്‍ എബ്രഹാം സാബു, കൊല്ലം വെളിച്ചിക്കാല വടക്കോട് വിളയില്‍ ലൂക്കോസ്, പുനലൂര്‍ നരിക്കല്‍ വാഴവിള സ്വദേശി സാജന്‍ ജോര്‍ജ്, കോന്നി അട്ടച്ചാക്കല്‍ സ്വദേശി ചെന്നിശ്ശേരിയില്‍ സജു വര്‍ഗീസ്, എന്‍ബിടിസി ഗ്രൂപ്പിലെ പ്രൊഡക്ഷന്‍ എന്‍ജിനിയര്‍ തൃക്കരിപ്പൂര്‍ എളംബച്ചി സ്വദേശി കേളു പൊന്മലേരി, പത്തനംതിട്ട തിരുവല്ല മേപ്രാല്‍ സ്വദേശി തോമസ് ഉമ്മന്‍, കണ്ണൂര്‍ ധര്‍മ്മടം സ്വദേശി വിശ്വാസ് കൃഷ്ണ എന്നിവരാണ് മരിച്ച മലയാളികള്‍.
കുവൈത്തില്‍ എന്‍.ബി.ടി.സി.കമ്പനിയുടെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. താഴെ നിലയില്‍ തീ പടരുന്നത് കണ്ട് രക്ഷപ്പെടാനായി മുകളില്‍ നിന്ന് ചാടിയ പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഫയര്‍ഫോഴ്സും പോലീസും എത്തിയാണ് തീ അണയ്ച്ചത്. കെട്ടിടത്തിന്റെ താഴെ നിലയില്‍ സംഭരിച്ച ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിനു കാരണമായതെന്ന് ഫയര്‍ ഫോഴ്‌സ് വൃത്തങ്ങള്‍ അറിയിച്ചു. എന്‍ബിടിസി കമ്പനിയിലെ തൊഴിലാളികളായ 195 പേര്‍ ഈ ഫ്‌ളാറ്റില്‍ താമസിച്ചിരുന്നതായാണ് വിവരം.