Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാന്‍ ബുക്കര്‍ പുരസ്കാരം റിച്ചാര്‍ഡ് ഫ്ലാനഗന്

മാന്‍ ബുക്കര്‍ പുരസ്കാരം റിച്ചാര്‍ഡ് ഫ്ലാനഗന്
ലണ്ടന്‍ , ബുധന്‍, 15 ഒക്‌ടോബര്‍ 2014 (08:47 IST)
ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരത്തിന് ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ റിച്ചാര്‍ഡ് ഫ്ലാനഗന്‍ അര്‍ഹനായി. രണ്ടാം ലോകമഹായുദ്ധം പ്രമേയമാക്കിയ 'ദി നോരോ റോഡ് ടു ദി ഡീപ് നോര്‍ത്ത് എന്ന നോവലിനാണ് പുരസ്കാരം. അമ്പത്തിമൂന്നുകാരനായ ഫ്ലാനഗന്‍റെ ആറാമത്തെ നോവലാണിത്. സഖ്യകക്ഷിക്കാരായ യുദ്ധത്തടവുകാര്‍ സിയാം-ബര്‍മ റയില്‍പ്പാത നിര്‍മിച്ച കഥയാണു നോവലിന്‍റെ പ്രതിപാദ്യവിഷയം. അന്‍പതിനായിരം പൌണ്ടാണ് (ഏകദേശം 48 ലക്ഷം രൂപ) സമ്മാനത്തുക.
 
മനുഷ്യന്റെ സഹനത്തിന്റേയും സഹവര്‍ത്തിത്വത്തിന്റേയും പ്രണയത്തിന്റേയും അതിമനോഹരമായ ആഖ്യാനമാണ് നോവലെന്ന് അവാര്‍ഡ് കമ്മിറ്റി വിലയിരുത്തി. ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയക്കാരനാണ് ഫ്‌ളനഗന്‍. തോമസ് കെന്നലി, പീറ്റര്‍ കാരി എന്നിവരാണ് ഇതിന് മുമ്പ് ബുക്കര്‍ പ്രൈസ് ലഭിച്ചത്. ഇന്ത്യക്കാരനായ നീല്‍ മുഖര്‍ജിയടക്കം ആറ് പേരെ പിന്തള്ളിയാണ് ഫ്‌ളനഗന്റെ പുരസ്‌കാര നേട്ടം. 1960കളില്‍ പശ്ചിമ ബംഗാളില്‍ നടന്ന നക്‌സല്‍ പ്രവര്‍ത്തനങ്ങളെ പശ്ചാത്തലമാക്കി നീല്‍ മുഖര്‍ജി രചിച്ച ദ ലൈഫ് ഓഫ് അദേഴ്‌സ് എന്ന പുസ്തകമാണ് ബുക്കര്‍ പ്രൈസിനായി പരിഗണിച്ചത്.
 
രണ്ടാം ലോക മഹായുദ്ധ കാലത്ത് തായ്‌ലന്റ്-ബര്‍മ റെയില് വേ  നിര്‍മാണ പ്രവര്‍ത്തനത്തിനായി നിര്‍ബന്ധിത തൊഴില്‍ ചെയ്യേണ്ടി വന്ന തന്റെ പിതാവിന്റേയും സഹതൊഴിലാളികളുടേയും പീഡനത്തിന്റെ കഥയാണ് ഫ്‌ളനഗന്‍ നോവലില്‍ പറയുന്നത്.
 
കഴിഞ്ഞ വര്‍ഷം വരെ കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍, യുകെ, അയര്‍ലന്‍ഡ് എന്നിവിടങ്ങളിലെ എഴുത്തുകാര്‍ക്കാണ് മാന്‍ ബുക്കര്‍ പുരസ്കാരം നല്‍കിയിരുന്നത്. ഇത്തവണ ബുക്കര്‍ പുരസ്കാരത്തിന് പരിഗണിക്കുന്നതില്‍ പൌരത്വ നിബന്ധന ഇളവു ചെയ്ത് യുഎസ് എഴുത്തുകാരെ ഉള്‍പ്പെടുത്തിയ നടപടിയെ ഓസ്ട്രേലിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ കാരി നിശിതമായി വിമര്‍ശിച്ചിരുന്നു. ഇദ്ദേഹം രണ്ടു തവണ ബുക്കര്‍ പുരസ്കാരം നേടിയിട്ടുണ്ട്.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.
 
 

Share this Story:

Follow Webdunia malayalam