Narendra Modi: ഗാസ സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കാതെ മോദി; പാക് സൈനിക മേധാവിക്ക് ട്രംപിന്റെ പ്രശംസ
ഇരുപതോളം രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്
Narendra Modi: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഈജിപ്തില്‍ നടന്ന ഉച്ചകോടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ ക്ഷണമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയില്ല. ഉച്ചകോടിക്കു അധ്യക്ഷത വഹിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍ സിസി എന്നിവരില്‍ നിന്ന് മോദിക്കു നേരിട്ട് ക്ഷണം ലഭിച്ചിരുന്നു.
ഇരുപതോളം രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്ത ഉച്ചകോടിയില്‍ വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിങ്ങാണ് ഇന്ത്യയെ പ്രതിനിധീകരിച്ചത്. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ഉച്ചകോടിയില്‍ പങ്കെടുത്തു. പക് പ്രധാനമന്ത്രിയുടെ സാന്നിധ്യമാണ് നരേന്ദ്ര മോദി ഉച്ചകോടിയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ കാരണമെന്ന് അഭ്യൂഹങ്ങളുണ്ട്.
അതേസമയം പാക് സൈനിക മേധാവി അസിം മുനീറിനെ 'പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍' എന്നാണ് ഉച്ചകോടിക്കിടെ ട്രംപ് അഭിസംബോധന ചെയ്തത്. 'പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെരീഫ്...എന്റെ പ്രിയപ്പെട്ട പാക്കിസ്ഥാനിലെ ഫീല്‍ഡ് മാര്‍ഷല്‍, അദ്ദേഹം ഇവിടെയില്ല.. പക്ഷേ പ്രധാനമന്ത്രി ഇവിടെയുണ്ട്'', ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കാന്‍ ട്രംപ് ഷെഹബാസ് ഷരീഫിനെ ക്ഷണിച്ചത് ഇങ്ങനെയാണ്.
ഷഹബാസ് ഷരീഫിന്റെ സാന്നിധ്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും ട്രംപ് മറന്നില്ല. 'എന്റെ ഏറ്റവും നല്ല സുഹൃത്ത്' എന്നാണ് ട്രംപ് മോദിയെ വിശേഷിപ്പിച്ചത്.