ഭീഷണി തുടർന്നാൽ ആണവയുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തരകൊറിയ
ആണവയുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തരകൊറിയ
അമേരിക്കയുടെ ഭീഷണി തുടർന്നാൽ ഏതുനിമിഷവും ആണവ യുദ്ധം പൊട്ടിപ്പുറപ്പെടുമെന്ന മുന്നറിയിപ്പുമായി ഉത്തരകൊറിയ. രാജ്യത്തിനു മേല്‍ അമേരിക്കയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ആണവായുധങ്ങൾ ഉപേക്ഷിക്കാന്‍ തങ്ങള്‍ ഒരുക്കമല്ലെന്നും യുഎന്നിലെ ഉത്തരകൊറിയൻ അംബാസഡർ കിം ഇൻ റ്യോംഗ് വ്യക്തമാക്കി.
ലോകരാജ്യങ്ങളാരും തന്നെ യു എസ് സൈനിക നടപടികളുടെ ഭാഗമാകാത്തിടത്തോളം കാലം മറ്റൊരു രാജ്യത്തിനുമെതിരായി ആണവ ആയുധങ്ങൾ ഉപയോഗിക്കുകയോ ഭീഷണിപ്പെടുത്തുകയോ തങ്ങള്‍ ചെയ്യില്ലെന്നും ഉത്തരകൊറിയ അറിയിച്ചു.
തങ്ങളെ ആക്രമിക്കാന്‍ അമേരിക്ക ധൈര്യപ്പെടുകയാണെങ്കില്‍ കടുത്ത ശിക്ഷിയിൽനിന്നും രക്ഷപ്പെടുകയില്ലെന്നും കിം ഇൻ റ്യോംഗ് പ്രസ്താവനയിലൂടെ അറിയിച്ചു. യുഎന്നിലെ നിരായുധീകരണ സമിതിക്കു മുന്‍പാകെയാണ് ഉത്തരകൊറിയ തങ്ങളുടെ ഈ നിലപാട് വ്യക്തമാക്കിയത്.