സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഇമ്രാൻ ഖാനു നൽകണമെന്ന് പാക് അസംബ്ലിയിൽ പ്രമേയം, ട്വിറ്ററിൽ പരിഹാസവർഷം
പാക് മാധ്യമമായ ജിയോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനു സമാധാനത്തിനായുളള നൊബേൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാൻ ദേശീയ അസംബ്ലിയിൽ പ്രമേയം. പാക് കസ്റ്റഡിയിലായിരുന്ന ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ വിട്ടയക്കാനുളള തീരുമാനമെടുത്തതു പരിഗണിച്ചാണ് പുരസ്ക്കാരം നൽകാനുളള ആവശ്യം. പാക് മാധ്യമമായ ജിയോ ന്യൂസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പാക് മന്ത്രിയായ് ഫവാദ് ചൗദരിയാണ് ദേശീയ അസംബ്ലിയിൽ ഇതുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള സംഘർഷാവസ്ഥ ലഘൂകരിച്ചതും ഇന്ത്യൻ വൈമാനികനെ ഇന്ത്യക്ക് സുരക്ഷിതമായി കൈമാറിയതും ഇമ്രാൻ ഖാന്റെ നിർണ്ണായക നീക്കങ്ങളാണെന്നും അതിനാൽ പാക് പ്രധാനമന്ത്രിക്കു നൽകണമെന്നുമായിരുന്നു പാക് അസംബ്ലിയിലെ പ്രമേയം. ഇതിനു പുറമെ ഇമ്രാൻ ഖാനു പുരസ്കാരം നൽകണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ വ്യാപക ക്യാമ്പെയിനും നടക്കുന്നുണ്ട്.
അതേസമയം ഇമ്രാൻ ഖാന് സമാധാനത്തിനുളള നോബെൽ പുരസ്കാരം നൽകണമെന്നുളള വാർത്ത പുറത്തുവന്നതോടുകൂടെ ട്വിറ്ററിൽ പരിഹാസ ട്വീറ്റുകളും നിറഞ്ഞു. ഈ വർഷത്തെ ഏറ്റവും മികച്ച തമാശയാണിതെന്നും, സമാധാനത്തിനല്ല പകരം വിവേകശൂന്യ പേരുമാറ്റത്തിനാണ് നോബെൽ നൽകേണ്ടതും എന്ന തരത്തിലായിരുന്നു ട്വീറ്റുകൾ.