പാക് അധീന കശ്‌മീരില്‍ സൈനികാഭ്യാസം നടത്തില്ലെന്ന് റഷ്യ; സംയുക്ത സൈനികാഭ്യാസത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താതെ പാകിസ്ഥാനും റഷ്യയും
പാക് അധീന കശ്‌മീരില്‍ സൈനികാഭ്യാസം നടത്തില്ലെന്ന് റഷ്യ
പാകിസ്ഥാനുമൊത്ത് പാക് അധീന കശ്‌മീരില്‍ സംയുക്ത സൈനികാഭ്യാസം നടത്തില്ലെന്ന് റഷ്യ. പാക് അധീന കശ്‌മീരിലെ ഗില്‍ഗിത് - ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ ആയിരിക്കും റഷ്യയും പാകിസ്ഥാനും സംയുക്തമായി നടത്തുന്ന ആദ്യ സൈനികാഭ്യാസമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, റഷ്യന്‍ എംബസി ഇക്കാര്യം നിഷേധിച്ചു.
പാക് അധീന കശ്‌മീരിലെ റത്തുവിലുള്ള സൈനിക സ്കൂളിലായിരിക്കും സൈനികാഭ്യാസത്തിന്റെ ഉദ്ഘാടന ചടങ്ങ് നടക്കുകയെന്ന് റഷ്യന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് തെറ്റാണെന്നും സൈനികാഭ്യാസത്തിന്റെ വേദി ചേരട്ട് ആയിരിക്കുമെന്നും എംബസി വ്യക്തമാക്കി.
അതേസമയം, സൈനികാഭ്യാസത്തെ സംബന്ധിച്ച് ഇരു രാജ്യങ്ങളും കൂടുതല്‍ വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ല. സെപ്തംബര്‍ 24 മുതല്‍ ഒക്‌ടോബര്‍ ഏഴു വരെ നടക്കുന്ന സൈനികാഭ്യാസത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള 200 വീതം സൈനികര്‍ പങ്കെടുക്കും. ‘ഫ്രണ്ട്ഷിപ്പ് 2016’ എന്നാണ് സൈനികാഭ്യാസത്തിന് പേരിട്ടിരിക്കുന്നത്.