'കശ്മീർ വിഷയത്തിൽ പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാൻ മോദി ആവശ്യപ്പെട്ടു'; കേന്ദ്ര സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ട്രംപിന്റെ വെളിപ്പെടുത്തൽ; നിഷേധിച്ച് ഇന്ത്യ
വാഷിംഗ് ടണ്‍ ഡിസിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാനുമായുള്ള കൂടികാഴ്ച്ചക്കിടെയായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ആവശ്യമെങ്കില്‍ മധ്യസ്ഥനാവാമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. വാഷിംഗ് ടണ്‍ ഡിസിയില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻഖാനുമായുള്ള കൂടികാഴ്ച്ചക്കിടെയായിരുന്നു ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടിരുന്നെന്നും ട്രംപ് പറഞ്ഞു.
എന്നാൽ ട്രംപിന്റെ അവകാശവാദം ഇന്ത്യ തള്ളി. ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് പ്രതികരിച്ചു. കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.ഒസാക്കയിൽ ജി 20 ഉച്ചകോടിക്കിടെയാണ് കശ്മീർ വിഷയത്തിൽ മോദി സഹായം അഭ്യർഥിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം.
കശ്മീര്‍ വിഷയം നരേന്ദ്ര മോദി തന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നെന്നും പ്രശ്നത്തില്‍ മധ്യസ്ഥനാകുന്നതില്‍ മോദിക്ക് എതിര്‍പ്പില്ലെന്നാണ് താന്‍ കരുതുന്നതെന്നും ട്രംപ് പ്രതികരിച്ചു. അഫ്ഗാന്‍ യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്റെ സഹകരണം വേണമെന്ന് ട്രംപ് ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടു. പാക്കിസ്ഥാനില്‍ വന്‍തോതില്‍ നിക്ഷേപത്തിന് അമേരിക്ക ആഗ്രഹിക്കുന്നതായും ട്രംപ് കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി.
ട്രംപിന്റെ പരാമർശത്തെ തുടർന്ന് വിഷയത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്നാവശ്യവുമായി പല നേതാക്കളും രംഗത്തെത്തിയിരുന്നു.