ട്രാക്കിലെത്തും മുമ്പേ തിരിച്ചടി; റഷ്യൻ അത്ലറ്റുകൾക്ക് റിയോ ഒളിമ്പിക്സിൽ വിലക്ക്
68 റഷ്യൻ അത്‌ലറ്റുകളാണ് ആർബിട്രേഷൻ കോടതിയിൽ ഹർജി നൽകിയത്
ഉത്തേജകമരുന്ന് വിവാദത്തില്‍ കുരുങ്ങിയ റഷ്യൻ അത്ലറ്റുകൾക്ക് റിയോ ഒളിമ്പിക്സിൽ മത്സരിക്കാൻ കഴിയില്ല. ഉത്തേജക മരുന്നിന്റെ വ്യാപക ഉപയോഗത്തെ തുടർന്ന് അത്ലറ്റുകളെ വിലക്കിയ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി നടപടി ചോദ്യം ചെയ്തു റഷ്യ സമർപ്പിച്ച അപ്പീൽ ലോക കായിക തർക്ക പരിഹാര കോടതി തള്ളിയതോടെയാണ് റഷ്യന്‍ മോഹങ്ങള്‍ തകര്‍ന്നത്.
68 റഷ്യൻ അത്‌ലറ്റുകളാണ് ആർബിട്രേഷൻ കോടതിയിൽ ഹർജി നൽകിയത്. ഇതോടെ റിയോ ഒളിമ്പിക്സിലെ ഗ്ളാമര്‍ ഇനമായ ട്രാക്ക്, ഫീല്‍ഡ് ഇനങ്ങളില്‍ റഷ്യന്‍ അത്ലറ്റുകള്‍ക്ക് മത്സരിക്കാനാവില്ല. കളങ്കിതരായ ഏതാനും അത്ലറ്റുകളുടെ പേരില്‍ രാജ്യത്തെ മുഴുവനായും വിലക്കുന്നതിനെ ചോദ്യം ചെയ്താണ് റഷ്യ കോടതിയെ സമീപിച്ചത്. ആര്‍ബിട്രേഷന്‍ കോടതിയുടെ വിധി കൂടി പരിഗണിച്ചാവും റഷ്യയെ സമ്പൂര്‍ണമായി ഒളിമ്പിക്സില്‍നിന്ന് വിലക്കണമോയെന്ന് തീരുമാനമെടുക്കുക.
അതേസമയം, ഉത്തേജക ഉപയോഗത്തിന്റെ പേരിൽ റഷ്യയെ ഒളിംപിക്സിൽ നിന്നു വിലക്കണോ എന്ന കാര്യത്തിൽ രാജ്യാന്തര ഒളിംപിക് സമിതി (ഐഒസി) ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഞായറാഴ്ച ഇതുസംബന്ധിച്ചു തീരുമാനമാകുമെന്നാണു റിപ്പോർട്ട്. കായിക കോടതിയുടെ തീരുമാനത്തിനു അനുസരിച്ചാവും ഐഒസിയുടെ നിലപാട്.
അധികൃതരുടെ അറിവോടെ തന്നെ റഷ്യൻ താരങ്ങൾ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്നു കനേഡിയൻ നിയമജ്ഞൻ റിച്ചാർഡ് മക്‌ലാരനാണ് കണ്ടെത്തിയത്.