യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ജോ ബൈഡനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള രാഷ്ട്ര നേതാക്കൾ അഭിനന്ദിച്ചപ്പോളും മൗനം പാലിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാദ്മിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങും. ഇതുവരെയും ഇരു രാജ്യങ്ങളും ബൈഡന്റെ വിജയത്തിൽ പ്രതികരിച്ചിട്ടില്ല.
നിലവിലെ യുഎസ് പ്രസിഡന്റും ബൈഡന്റെ എതിരാളിയുമായ ഡൊണാള്‍ഡ് ട്രംപ് ഇതുവരെ തോല്‍വി അംഗീകരിച്ചിട്ടില്ല എന്നതും ചൈനയുടെയും റഷ്യയുടെയും മൗനത്തിന് പിന്നിലുണ്ടെന്നാണ് സൂചന. വോട്ടെണ്ണൽ ഇനിയും പൂർത്തിയായില്ലെന്ന വിശദീകരണമാണ് ചൈന നൽകുന്നത്.
ബൈഡൻ വിജയിച്ചിട്ടില്ല എന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് ഡൊണാൾഡ് ട്രംപിന്റെ നിലപാടെങ്കിലും ബൈഡന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയിച്ചുവെന്ന് യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള നേതാക്കൾ ട്വിറ്ററിൽ അഭിനന്ദനം അറിയിച്ചിരുന്നു.