ഇറാന്റെ ആക്രമണവും വ്യോമപ്രതിരോധവുമെല്ലാം മെച്ചപ്പെട്ടു, റഷ്യയുടെ പരോക്ഷ പിന്തുണയെന്ന് റിപ്പോര്‍ട്ട്
ശനിയാഴ്ച (മാര്‍ച്ച് 1) മുതല്‍ റഷ്യ ഇറാന് ഉപഗ്രഹ ഡേറ്റ കൈമാറുന്നുണ്ടെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
Publish Date: Sat, 07 Mar 2026 (10:00 IST)
Updated Date: Sat, 07 Mar 2026 (10:02 IST)
അമേരിക്കന്‍-ഇസ്രായേല്‍-ഇറാന്‍ യുദ്ധം മൂര്‍ധന്യത്തിലെത്തിയ ഘട്ടത്തില്‍ ഇറാന് മേല്‍ക്കൈ നല്‍കാന്‍ റഷ്യ തന്ത്രപരമായ വിവരങ്ങള്‍ കൈമാറുന്നതായി അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ . മേഖലയില്‍ വിന്യസിച്ചിട്ടുള്ള അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍, വിമാനങ്ങള്‍, സൈനിക അടിത്തറകള്‍ എന്നിവയുടെ സ്ഥാനവും ചലനങ്ങളും സംബന്ധിച്ച വിവരങ്ങളാണ് റഷ്യ ഇറാന് നല്‍കിക്കൊണ്ടിരിക്കുന്നതെന്ന് CNN, വാഷിങ്ടണ്‍ പോസ്റ്റ്, PBS ന്യൂസ് എന്നിവ ഒരേ സമയം റിപ്പോര്‍ട്ട് ചെയ്തു.
എന്ത് സംഭവിക്കുന്നു?
ഫെബ്രുവരി 28, 2026-ന് അമേരിക്കയും ഇസ്രായേലും ഇറാനില്‍ ഒരേ സമയം ആക്രമണം ആരംഭിച്ചതോടെയാണ് പശ്ചിമേഷ്യന്‍ മേഖലയില്‍ യുദ്ധം ആരംഭിക്കുന്നത്. ഇറാന്റെ ആണവ-ബാലിസ്റ്റിക് മിസൈല്‍ ശേഷി ഇല്ലാതാക്കുക എന്നതാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രഖ്യാപിത ലക്ഷ്യം. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈനികബേസുകളെയും ഇസ്രായേലിനെയും ആക്രമിച്ചുകൊണ്ടാണ് ഇറാന്‍ ഇതിനോട് തിരിച്ചടിച്ചത്.
ഇതിനിടെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശേഷം ഇറാനിയന്‍ സൈന്യത്തിന് യുഎസ് സേനയെ കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ആക്രമണങ്ങള്‍ക്ക് കൃത്യത പോരെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.ഇറാന് സൈനികനിലവാരമുള്ള ഉപഗ്രഹങ്ങള്‍ കുറവാണ് എന്നതാണ് ഇതിന്റെ പ്രധാനകാരണം. എന്നാല്‍ ശനിയാഴ്ച (മാര്‍ച്ച് 1) മുതല്‍ റഷ്യ ഇറാന് ഉപഗ്രഹ ഡേറ്റ കൈമാറുന്നുണ്ടെന്നാണ് അമേരിക്കന്‍ ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്.
കുവൈത്തില്‍ അമേരിക്കന്‍ സൈനികര്‍ താമസിച്ചിരുന്ന ഇടത്തില്‍ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയത് റഷ്യന്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണെന്നാണ് യുഎസ് സംശയിക്കുന്നത്. 2025 ജനുവരിയില്‍ റഷ്യയും ഇറാനും 'സമഗ്ര തന്ത്രപരമായ ഉടമ്പടി' ഒപ്പിട്ടിരുന്നു - വ്യാപാരം, സൈനിക സഹകരണം, ഇന്റലിജന്‍സ് കൈമാറ്റം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഈ കരാര്‍. ഫെബ്രുവരി അവസാനം യുദ്ധം ആരംഭിക്കുന്നതിന് ദിവസങ്ങള്‍ മുന്‍പ് ഇരു രാജ്യങ്ങളും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സംയുക്ത നാവിക അഭ്യാസം നടത്തിയിരുന്നു.
ഈ ഉടമ്പടിയില്‍ പരസ്പര പ്രതിരോധ വ്യവസ്ഥ ഇല്ല എന്നതിനാല്‍ ഒരു കക്ഷി ആക്രമണം നേരിട്ടാല്‍ മറ്റേ കക്ഷി നേരിട്ട് ഇടപെടാന്‍ ബാധ്യസ്ഥമല്ല. ഉക്രൈന്‍-റഷ്യ സംഘര്‍ഷത്തില്‍ അമേരിക്ക ഒരു മദ്ധ്യസ്ഥ പങ്ക് വഹിക്കുന്ന ഈ ഘട്ടത്തില്‍ നേരിട്ടുള്ള ഇടപെടല്‍ റഷ്യ നടത്തില്ലെന്ന് ഉറപ്പാണ്. എന്നാല്‍ ഇറാന് സൈനികമായ സഹകരണം റഷ്യ നല്‍കുന്നുണ്ടെന്നാണ് അമേരിക്ക സംശയിക്കുന്നത്.