ഷെരീഫിന്റെ സഹോദരൻ ഷഹബാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകും
ഷെരീഫിന്റെ സഹോദരൻ ഷഹബാസ് ഷെരീഫ് പാകിസ്ഥാന്‍ പ്രധാനമന്ത്രിയാകും
പനാമ അഴിമതിക്കേസില്‍ സുപ്രീംകോടതി വിധി പ്രതികൂലമായതോടെ രാജിവെച്ച നവാസ് ഷെരീഫിന് പകരം സഹോദരനായ ഷഹബാസ് ഷെരീഫ് പാക് പ്രധാനമന്ത്രിയാകും. ഷെരീഫിന്റെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയാണ് ഷഹബാസ് ഷെരീഫ്. പാർലമെന്റ് അംഗത്വമില്ലാത്ത ഷഹബാസിന്, പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കണമെങ്കിൽ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടിവരും.
സൈന്യത്തിന്റെ ഇടപെടൽ ഉണ്ടാകുംമുമ്പ് രാജ്യത്തു ജനാധിപത്യ സംവിധാനം നിലനിർത്താനായിരുന്നു കോടതിവിധി വന്നയുടൻ യോഗം ചേർന്നത്. ഷെരീഫിനെതിരെ കോടതിവിധിയുണ്ടായാൽ സൈന്യം ഭരണം പിടിച്ചേക്കുമെന്നു നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഷെരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന് കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷെരീഫ് രാജിവച്ചത്. പനാമ അഴിമതിക്കേസിലെ റിപ്പോര്‍ട്ട് ശരിവച്ച കോടതി ഷെരീഫിനെ അയോഗ്യനാക്കി ഉത്തരവിട്ടിരുന്നു. ജസ്റ്റിസ് ഇജാസ് അഫ്സൽ ഖാൻ അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണു സുപ്രധാന വിധി.
അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തൽ ശരിവച്ച കോടതി ഷെരീഫിനും കുടുംബത്തിനുമെതിരെ ക്രിമിനല്‍ കേസെടുത്തു വിചാരണ ചെയ്യണമെന്നും ആറു മാസത്തിനകം നടപടികൾ പൂർത്തിയാക്കണമെന്നും നിർദേശിച്ചു.
1990കളിൽ പ്രധാനമന്ത്രിയായിരിക്കെ ഷെരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങൾ പാനമ രേഖകളിലൂടെയാണു പുറത്തുവന്നത്. ഷെരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്.