ആ പതിമൂന്ന് പേരും വെളിച്ചത്തിലേക്ക് നീന്തിക്കയറി; വെല്ലുവിളികളെല്ലാം തരണം ചെയ്‌ത് ദൗത്യം പൂർത്തിയാക്കിയതിങ്ങനെ
ആ പതിമൂന്ന് പേരും വെളിച്ചത്തിലേക്ക് നീന്തിക്കയറി; വെല്ലുവിളികളെല്ലാം തരണം ചെയ്‌ത് ദൗത്യം പൂർത്തിയാക്കിയതിങ്ങനെ
അങ്ങനെ ആ പന്ത്രണ്ട് കുട്ടികളേയും പരിശീലകനെയും ആപത്തൊന്നും കൂടാതെ പുറത്തെത്തിച്ചു. അതെ, ഒരു ജനതയുടെ മുഴുവൻ പ്രാർത്ഥനയായിരുന്നു അത്. കഴിഞ്ഞ തിങ്കളാഴ്‌ച ആയിരുന്നു 12 കുട്ടികളും പരിശീലകനും ഗുഹയിൽ അകപ്പെട്ടുപോയത് കണ്ടെത്തിയത്. തുടർന്ന് ഇവർക്ക് യാതൊരു ആപത്തും സംഭവിക്കാതെ പുറത്തെത്തിക്കാനുള്ള ദൗത്യമായിരുന്നു.
കൂരിരിട്ടിൽ ഗുഹയിലെ വെള്ളക്കെട്ടിലൂടെ മുങ്ങാങ്കുഴിയിട്ടും നീന്തിയും ചിലയിടങ്ങളിൽ ഒരാൾക്കു കഷ്ടി നീങ്ങാൻ കഴിയുന്ന ഇടുക്കിലൂടെ നിരങ്ങിക്കയറിയും ഇടയ്ക്കു നടന്നും നാലു കിലോമീറ്റർ പിന്നിടുക, ഇവരെ പുറത്തെത്തിക്കാൻ ദൗത്യ സംഘം തയ്യാറാക്കിയ രക്ഷാ പദ്ധതി ഇങ്ങനെയായിരുന്നു.
കുട്ടികൾക്ക് നീന്തൽ പരിചയമില്ലായിരുന്നു, അതിനാൽ തന്നെ കുട്ടികൾ ഭയന്നുപോകുമോ എന്നായിരുന്നു ഇവരുടെ പ്രധാന വെല്ലുവിളി. മുഖം മറയ്ക്കുന്ന സ്കൂബ മാസ്ക്, ഹെൽമറ്റ്, ദേഹമാസകലം മൂടുന്ന നനവിറങ്ങാത്ത വസ്ത്രം, ബൂട്ട് എന്നിവ ധരിച്ചശേഷം രണ്ടു നീന്തൽ വിദഗ്ധരുടെ നടുവിലായിരുന്നു പുറത്തേക്കുള്ള കുട്ടികളുടെ യാത്ര. ഗുഹയ്ക്കുള്ളിലെ നീന്തലിനു പ്രത്യേകം പരിശീലനം ലഭിച്ചവരാണ് ഇവർ. ഗുഹാമുഖത്തുനിന്ന് കുട്ടികളെ കണ്ടെത്തിയ സ്ഥലം വരെ നാലു കിലോമീറ്റർ ദൂരത്തിൽ വലിച്ചുകെട്ടിയ 8 മി.മീ. കനമുള്ള ഇളകാത്ത കേബിൾ ആയിരുന്നു ദൗത്യസംഘാംഗങ്ങൾക്കുള്ള വഴികാട്ടി. മുന്നിലുള്ള ഡൈവറാണു കുട്ടിയുടെ ഓക്സിജൻ ടാങ്ക് ചുമന്നത്. മുന്നിലുള്ളയാളുമായി കുട്ടിയെ ബന്ധിപ്പിക്കുകയും ചെയ്തു.