സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം; ആഡംബരം കുറയ്ക്കാതെ തുര്‍ക്കി പ്രസിഡന്റും ഭാര്യയും, ഹാന്‍ഡ് ബാഗിന് വില 34 ലക്ഷം !!
പ്രസിഡന്റിനൊപ്പം ജപ്പാനിലേക്കു നടത്തിയ യാത്രയിലാണ് എമിനിന്റെ കൈവശം ഈ ബാഗ് കണ്ടതും ചര്‍ച്ചയാകുന്നതും.
ഒരു ഹാന്‍ഡ് ബാഗിന് പരമാവധി എത്ര വിലവരും? ഈ ചോദ്യം തുര്‍ക്കി പ്രസിഡന്റ് റജപ് എര്‍ദോഗന്റെ ഭാര്യയും പ്രഥമ വനിതയുമായ എമിന്‍ എര്‍ദോഗാനോടാണ് ചോദിക്കുന്നതെങ്കില്‍ ഉത്തരം ചിലപ്പോള്‍ ഞെട്ടിച്ചേക്കും. അമ്പതിനായിരം ഡോളർ! അതെ, ഇന്ത്യന്‍ രൂപയില്‍ ഏകദേശം 34 ലക്ഷം വില വരും എമിന്‍ എര്‍ദോഗന്റെ കൈയിലുള്ള ഹാന്‍ഡ്ബാഗിന്.
പ്രസിഡന്റിനൊപ്പം ജപ്പാനിലേക്കു നടത്തിയ യാത്രയിലാണ് എമിനിന്റെ കൈവശം ഈ ബാഗ് കണ്ടതും ചര്‍ച്ചയാകുന്നതും. ജാപ്പനീസ് സന്ദര്‍ശനത്തിനിടെ എടുത്ത എല്ലാ ചിത്രങ്ങളിലും ഈ ബാഗ് അവിഭാജ്യഘടകമായി മാറുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും തുര്‍ക്കിഷ് മാധ്യമങ്ങളിലും വളരെ വലിയ വിമര്‍ശനമാണ് എമിനും എര്‍ദോഗനും എതിരെ ബാഗിന്റെ പേരില്‍ നടക്കുന്നത്.
തുര്‍ക്കിയില്‍ 11 പേരുടെ ഒരുവര്‍ഷത്തെ മിനിമം വേതനത്തിനു തുല്യമാണ് ബാഗിന്റെ വിലയെന്നും, രാജ്യം സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നതിനിടെയാണ് ഈ ആഡംബരമെന്ന് തുര്‍ക്കിഷ് മാധ്യമമായ അഹ്‌വാല്‍ ചൂണ്ടിക്കാട്ടി. ആഡംബരജീവിതത്തിന്റെ പേരില്‍ പ്രസിഡന്റും പ്രഥമ വനിതയും മുന്‍പും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. രാജ്യം വിലക്കയറ്റത്തില്‍പ്പെട്ടിരിക്കുമ്പോഴും പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ ആഡംബരത്തിനു കുറവില്ലെന്നാണ് കംഹുറിയെറ്റ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
എര്‍ദോഗന്റെ കാലത്താണ് പ്രസിഡന്റിനു താമസിക്കാനായി 1,150 മുറികളുള്ള കെട്ടിടസമുച്ചയം പണികഴിപ്പിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി മൂര്‍ധന്യത്തിലെത്തിയത്. തുര്‍ക്കിയിലെ തൊഴിലില്ലായ്മ നിരക്ക് റെക്കോഡിലെത്തിയെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.