അമേരിക്കയിലെ മലമ്പാമ്പുകളെ പിടിക്കാന്‍ തമിഴ്നാട്ടില്‍ നിന്ന് രണ്ടുപേര്‍; പ്രതിഫലം അരക്കോടിയോളം രൂപ
പാമ്പിനെ പിടിക്കാന്‍ രണ്ടു തമിഴ്നാട്ടുകാര്‍ അമേരിക്കയിലേക്ക്
പാമ്പുകളെ പേടിച്ച് കഴിയുന്ന ഫ്ലോറിഡക്കാര്‍ക്ക് രക്ഷകരായി രണ്ട് തമിഴ്നാട്ടുകാര്‍. സംസ്ഥാനത്തെ പ്രധാന ആദിവാസി വിഭാഗമായ ഇരുളറില്‍പ്പെട്ട മാസി സാധ്യന്‍, വടിവേല്‍ ഗോപാല്‍ എന്നിവരാണ് 46 ലക്ഷം രൂപയ്ക്ക് കരാര്‍ ഒപ്പിട്ടത്. പരിശീലനവും പാരമ്പര്യവുമുള്ള വിദഗ്ധ പെരുമ്പാമ്പ് പിടുത്തക്കാരാണ് ഇരുവരും. അമേരിക്കന്‍ സംസ്ഥാനമായ ഫ്ലോറിഡയുടെ ഭയമായ ബര്‍മീസ് മലമ്പാമ്പുകളെ പിടികൂടാനാണ്
ഇവര്‍ എത്തിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളില്‍ 13 മലമ്പാമ്പുകളെയാണ് പിടികൂടിയത്.
68, 888 യു എസ് ഡോളര്‍ ആണ് ഇവര്‍ക്ക് പ്രതിഫലമായി ലഭിക്കുക. ഇതുകൂടാതെ, ഒരു പെരുമ്പാമ്പിനെ പിടിക്കുമ്പോള്‍ ഒരു ലക്ഷം രൂപ പാരിതോഷികമായും നല്കും. ഇവര്‍ക്കൊപ്പം സഹായികളായി രണ്ട് പരിഭാഷകരും നായ്ക്കളുമുണ്ട്. വിദഗ്ധപരിശീലം ലഭിച്ച നായ്ക്കളാണ് ഒളിഞ്ഞിരിക്കുന്ന പാമ്പുകളെ കണ്ടെത്തുക.
ഫ്ലോറിഡയിലെ വന്യജീവിസംരക്ഷണ കമ്മീഷനാണ് പാമ്പു പിടിത്തക്കാരെ ഇന്ത്യയില്‍ നിന്നെത്തിച്ചത്.
ബര്‍മീസ് മലമ്പാമ്പുകള്‍ ക്രമാതീതമായി പെറ്റുപെരുകി രാജ്യത്തെ മൃഗങ്ങള്‍ക്ക് ഭീഷണിയായതോടെ ഇവയെ കൊല്ലാന്‍ കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു.
ചെന്നൈയിലെ അമേരിക്കന്‍ എംബസിവഴിയാണ് പാമ്പു പിടുത്തക്കാരായ വിദഗ്ധരെ കണ്ടെത്തിയത്.