വിജയ് മല്യയെ ഇന്ത്യയ്ക്കു കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി. ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മല്യയുടെ വാദങ്ങളെല്ലാം തള്ളിയ കോടതി അദ്ദേഹത്തെ ഇന്ത്യയ്ക്ക് കൈമാറാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
9000 കോടിയിലേറെ രൂപ ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മദ്യവ്യവസായിക്ക് കോടതിവിധി തിരിച്ചടിയായിരിക്കുകയാണ്. മറ്റ് വഴികളൊന്നും ഇല്ലാതെ വന്നപ്പോള്‍, വായ്പയുടെ മുതല് തിരിച്ചു നല്‍കാമെന്ന് കഴിഞ്ഞ ദിവസം മല്യ ബാങ്കുകളെ അറിയിച്ചു. എന്നാല്‍ മല്യയുടെ ആ ഓഫര്‍ ബാങ്കുകള്‍ നിരസിച്ചു. പണം സ്വീകരിച്ചാല്‍ 3000 കോടിയുടെ നഷ്ടം ബാങ്കുകള്‍ക്കുണ്ടാകുമെന്നാണ് കരുതുന്നത്.
2017 ഫെബ്രുവരിയിലാണ് വിജയ് മല്യയെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് സിബിഐ സംഘവും ഇ ഡി ഉദ്യോഗസ്ഥരും ഹാജരായിരുന്നു.