യുക്രെയ്‌ൻ റഷ്യ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം ചേർന്ന് യുഎൻ രക്ഷാസമിതി. കിഴക്കന്‍ ഉക്രൈനിലെ വിമത മേഖലകളെ സ്വതന്ത്ര രാജ്യങ്ങളായി പ്രഖ്യാപിച്ച റഷ്യന്‍ നടപടിക്കെതിരെ ശക്തമായാണ് അമേരിക്ക പ്രതികരിച്ചത്. റഷ്യയുടെ നടപടി രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ അടിയന്തിര യോഗത്തിൽ അമേരിക്ക പറഞ്ഞു.
സാമ്രാജ്യത്വമാണ് റഷ്യ നടത്തിയത്. ഇതിന്റെ പ്രത്യാഘാതം വലുതായിരിക്കും. റഷ്യ രാജ്യാന്തര സമൂഹത്തിന്റെ ക്ഷമ പരീക്ഷിക്കരുത്.മിന്‍സ്‌ക് കരാര്‍ റഷ്യ അട്ടിമറിച്ചു. റഷ്യക്ക് മേല്‍ നാളെ കൂടുതല്‍ നടപടിയെന്നും അമേരിക്ക പറഞ്ഞു.അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് റഷ്യ നടത്തിയതെന്ന് യു കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആരോപിച്ചു. യുക്രെയ്‌ന്റെ പരമാധികാരത്തിന്മേല്‍ കടന്നുകയറുകയാണ് റഷ്യ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.