ഇന്‍ഡോ- പസഫിക് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന ചൈനീസ് സ്വാധീനം നേരിടാന്‍ ഇന്ത്യന്‍ പിന്തുണയില്ലാതെ യുഎസിന് കഴിയില്ലെന്ന് മുന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയുടെ മുതിര്‍ന്ന ഉപദേഷ്ടാവായിരുന്ന മേരി കിസ്സല്‍. ചൈനീസ് ഭീഷണികളെ നേരിടാന്‍ ഇന്ത്യ- യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുകയാണ് ചെയ്യേണ്ടതെന്നും മേരി കിസ്സല്‍ പറയുന്നു.
ചൈനയെ അമേരിക്ക വലിയ ഭീഷണിയായി കാണുന്നുവെങ്കില്‍ അമേരിക്കയ്ക്ക് ഇന്ത്യ പ്രധാനമാണ്. അതൊരു യാഥാര്‍ഥ്യമാണ്. ഏഷ്യാ- പസഫിക് മേഖലയില്‍ ചൈനയെ ഒറ്റയ്ക്ക് നേരിടാന്‍ അമേരിക്കയ്ക്കാകില്ല. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ച ട്രംപ് ഭരണകൂടത്തിന് വെള്ളുവിളി ഉയര്‍ത്തുന്നുവെന്നും ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മേരി കിസ്സല്‍ പറഞ്ഞു.