ഫിൻലൻഡിൽ തെരുവുകളിലും വീടുകളിലും പാർട്ടികളിലും എന്തിന് പൊതുവഴികളിലും മലമുകളിൽ വരെ സ്ത്രീകൾ നൃത്തം ചെയ്യുകയാണ്. നൃത്തം ചെയ്യുക മാത്രമല്ല ഇത് വീഡിയോ ആക്കി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും പ്രധാനമന്ത്രിയെ ടാഗ് ചെയ്യുകയും ചെയ്യുന്നു. എന്താണ് ഇവിടെ നടക്കുന്നതെന്ന് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടോ? സ്വകാര്യപാർട്ടിയിൽ പ്രധാനമന്ത്രി സനാ മാരിൻ നൃത്തം ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെ പ്രധാനമന്ത്രി സന മാരിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടാണ് ഫിനിഷ് സ്ത്രീകലുടെ ഈ നൃത്ത കാമ്പയിൻ.#SolidarityWithSanna എന്ന ഹാഷ്ടാഗ് ആഗോള തലത്തിൽ തന്നെ ചർച്ചയായിരിക്കുകയാണ്.
ഫിൻലൻഡ് പ്രധാനമന്ത്രിയായ സന മാരിൻ സ്വകാര്യ പാർട്ടിയിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്തതിൻ്റെ വീഡിയോ വൈറലായതോടെയാണ് സംഭവങ്ങളുടെ തുടക്കം. പ്രധാനമന്ത്രി മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ലഹരി ഉപയോഗിച്ചെന്നും വീഡിയോയ്ക്ക് പിന്നാലെ എതിർപക്ഷം പ്രചരണവുമായെത്തി. പ്രധാനമന്ത്രി പദവിയിലെത്തിയത് മുതൽ നിശാപാർട്ടികളോടുള്ള താത്പര്യത്തിൻ്റെ പേരിൽ സന മാരിൻ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്.
ഇത്തവണ ലഹരിപരിശോധനയ്ക്ക് വിധേയയാകാനും ലഹരി ഉപയോഗിച്ചില്ലെന്ന് തെളിയിക്കാനും സന നിർബന്ധിതയായി. ഇതോടെയാണ് പ്രധാനമന്ത്രി സന മാരിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ക്യാമ്പയിൻ സജീവമായത്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമാണ് കഴിഞ്ഞ 5 വർഷമായി ഫിൻലൻഡ്. ഏറ്റവും സന്തോഷമുള്ള രാജ്യത്ത് സ്വാതന്ത്ര്യത്തിന് വിലക്കുണ്ടോ എന്ന് സന മാരിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നു. പ്രധാനമന്ത്രിക്ക് പോലും പാർട്ടിയിൽ പങ്കെടുക്കാനും നൃത്തം ചെയ്യാനും സ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ മറ്റാർക്കാണ് സ്വാതന്ത്ര്യമെന്ന ചോദ്യമാണ് ഉയർത്തുന്നത്.