ഇസ്രായേല്‍ വീണ്ടും ഇറാനെ ആക്രമിക്കുമോ? നെതന്യാഹു ട്രംപുമായി കൂടിക്കാഴ്ച നടത്തും
ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വികസിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം.
ടെല്‍ അവീവ്: ഇറാനെതിരെ വീണ്ടും സൈനിക ആക്രമണത്തിന് ഇസ്രായേല്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇറാന്‍ ബാലിസ്റ്റിക് മിസൈല്‍ പദ്ധതി വികസിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന ആശങ്കകള്‍ക്കിടെയാണ് ഇസ്രായേലിന്റെ പുതിയ നീക്കം. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. ഇറാനെതിരായ സൈനിക നടപടി വിശദീകരിക്കാന്‍ നെതന്യാഹു ട്രംപിനെ കാണുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
നെതന്യാഹുവിന്റെ സന്ദര്‍ശനം ട്രംപ് സ്ഥിരീകരിച്ചു. ഔദ്യോഗിക തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും കൂടിക്കാഴ്ച ഫ്‌ലോറിഡയില്‍ നടന്നേക്കാമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സ്ഥിരതയെ ബാധിക്കുന്ന നിര്‍ണായക ചര്‍ച്ചകള്‍ക്ക് നെതന്യാഹുവുമായുള്ള കൂടിക്കാഴ്ച ഒരു വേദിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇറാന്റെ മിസൈല്‍ ഉത്പാദനം പുനഃസ്ഥാപിക്കുന്നതും വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ നവീകരിക്കുന്നതും ഒരു പ്രധാന ചര്‍ച്ചാ വിഷയമാകുമെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.