വിമാന യാത്ര പുറപ്പെടും മുമ്പ് വിമാനത്തില്‍ തന്നെ പ്രസവിച്ച് യുവതി.തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നിന്ന് ഫ്രാന്‍സിലെ മാഴ്സെല്ലയിലേക്കുള്ള വിമാനത്തിലാണ് യുവതി പ്രസവിച്ചത്. ടേക്ക്ഓഫിന് തൊട്ടുമുമ്പ് പ്രസവവേദന അനുഭവപ്പെടുകയും വിമാനത്തിലെ ജീവനക്കാര്‍ സീറ്റില്‍ നിന്നും മറ്റൊരു ഇടത്തിലേക്ക് ഗര്‍ഭിണിയെ മാറ്റുകയും ചെയ്തു.
വേഗത്തില്‍ എത്തിയ മെഡിക്കല്‍ സ്റ്റാഫ് യുവതിയെ സഹായിക്കുകയും കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു. യാത്രക്കാരില്‍ ആരോ പകര്‍ത്തിയ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മെഡിക്കല്‍ സ്റ്റാഫ് എന്ന് തോന്നിപ്പിക്കുന്ന ഒരു സ്ത്രീ നവജാത ശിശുവിനെ കണ്ടു പോകുമ്പോള്‍ മറ്റ് യാത്രക്കാര്‍ അഭിനന്ദിക്കുന്നതും വീഡിയോയില്‍ കാണാനാകുന്നു.
36 ആഴ്ചകള്‍ പിന്നിട്ട ഗര്‍ഭിണികളെ സാധാരണ വിമാന കമ്പനികള്‍ യാത്രയ്ക്ക് അനുവാദം നല്‍കാറില്ല. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ഉണ്ടെങ്കില്‍ ചില സാഹചര്യങ്ങളില്‍ യാത്രകള്‍ക്ക് അനുവാദം നല്‍കാറുണ്ട്. അതുകൊണ്ടുതന്നെ വിമാനത്തിനകത്തുള്ള പ്രസവം അപൂര്‍വ്വ കാര്യമാണ്. കഴിഞ്ഞവര്‍ഷം ഒരു യുവതി വിമാനത്തിന്റെ ബാത്‌റൂമില്‍ പ്രസവിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇക്വഡോറിലായിരുന്നു സംഭവം.