റിയോയിലെ ഇളമുറക്കാരി ഇന്ത്യയുടെ അയല്‍ക്കാരിയാണ്
ഗൗരികാ സിങ് റിയോ ഒളിംപിക്സിലെ ഏറ്റവും പ്രായം കുറഞ്ഞ താരം
പ്രായഭേദമില്ലാത്തവരുടെ കായിക മേള എന്നത് തന്നെയാണ് റിയോ ഒളിമ്പിക്‌സിന്റെ പ്രധാന പ്രത്യേകത. കൗമാരക്കാര്‍ മുതല്‍ മുത്തശ്ശന്മാരും മുത്തശ്ശിമാരും വരെ റിയോയില്‍ മാറ്റുരയ്ക്കാന്‍ എത്തുന്നു. അക്കൂട്ടത്തിലെ ഇളമുറക്കാരിയാണ് നേപ്പാളിന്റെ നീന്തല്‍ താരം ഗൗരികാ സിങ്. പ്രായം 13 വയസും 255 ദിവസവും മാത്രം.
നൂറു മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് നീന്തലിലാണ് ഗൗരിക മത്സരിക്കുന്നത്. പതിനൊന്ന് വയസുമുതല്‍ രാജ്യാന്തര മത്സരങ്ങളില്‍ സജീവമാണ് ഗൗരിക. ഫെബ്രുവരിയില്‍ ഇന്ത്യയില്‍ നടന്ന സാഫ് ഗെയിംസില്‍ ഒരു വെള്ളിയും മൂന്ന് വെങ്കലവുമടക്കം നാല് മെഡലുകളാണ് ഗൗരിക നേടിയത്. റഷ്യയിലെ കസാനില്‍ നടന്ന ലോകചാംമ്പ്യന്‍ഷിപ്പിലും ഗൗരിക പങ്കെടുത്തിരുന്നു.
നൂറുമീറ്റര്‍ ഫ്രീസ്റ്റൈല്‍, ബാക്ക് സ്‌ട്രോക്ക്. ബ്രസ്റ്റ് സ്‌ട്രോക്ക് എന്നിവയില്‍ നേപ്പാള്‍ ദേശീയ റെക്കോര്‍ഡ് ഉടമയായ ഗൗരികയുടെ പഠനവും പരിശീലനവും ലണ്ടനിലാണ്. റിയോയില്‍ മെഡല്‍ നേടാനായില്ലെങ്കിലും സ്വന്തം പേരിലെ റെക്കോര്‍ഡ് തിരുത്തുമെന്ന് ഗൗരിക രാജ്യത്തിന് ഉറപ്പ് നല്‍കുന്നു.