കലിതുള്ളി ഇര്‍മ; ദുരിതക്കയത്തില്‍ അമേരിക്ക - നൂറ്റാണ്ടിലെ വലിയ നാശനഷ്ടത്തിന് സാധ്യത
ഇര്‍മ വിതച്ച ദുരിതമേഖലയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതമാണെന്നു കേന്ദ്ര സര്‍ക്കാര്‍
യുഎസിനെ വിറപ്പിച്ച ഇര്‍മ ചുഴലിക്കാറ്റ് 160 കിലോമീറ്റര്‍ വേഗതയില്‍ വീശിക്കൊണ്ടിരിക്കുന്നു. വെസ്റ്റ്- സെന്‍ട്രല്‍ ഫ്ലോറിഡയിലാണ് ഇപ്പോള്‍ ഇര്‍മയുള്ളത്. അത് തിങ്കളാഴ്ച രാവിലെയോടെ പടിഞ്ഞാറന്‍ ഫ്ലോറിഡ മുനമ്പിലേക്കു നീങ്ങുമെന്ന് പ്രവചനമുണ്ടായിരുന്നു.
വലിയ ദുരിതമാണ് ഇര്‍മ ചുഴലിക്കാറ്റ് സൃഷ്ടിച്ചത്. ഫ്ലോറിഡയില്‍ 40 ലക്ഷം ജനങ്ങള്‍ വൈദ്യുതി ഇല്ലാതെയാണ് ഇപ്പോഴും കഴിയുന്നത്. അതിനിടയിലാണ് ദുരിതം മുതലെടുത്ത് മോഷണവും പിടിച്ചുപറിയും വ്യാപകമായത്. സംഭവമായി ബന്ധപ്പെട്ട് ഇതുവരെ 28 പേരെ അറസ്റ്റ് ചെയ്തതായി മിയാമി പൊലീസ് അറിയിച്ചു.
ഇര്‍മ ചുഴലികാറ്റില്‍ ഇതുവരെ നാലു പേര്‍ മരിച്ചു. കരീബിയന്‍ തീരത്ത് വന്‍നാശം വിതച്ചാണ് ഇര്‍മ യുഎസില്‍ എത്തിയത്. ഫ്ലോറിഡയില്‍ 65 ലക്ഷം ജനങ്ങളോടാണ് ഇതിനോടകം ഒഴിഞ്ഞു പോകാന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് കടലോര വിനോദ സഞ്ചാരമേഖല ഫ്ലോറിഡ കീസിലാണ് ഇര്‍മ ആഞ്ഞടിച്ചത്. കീ വെസ്റ്റിൽ നിന്ന് 24 കിലോമീറ്റര്‍ അകലെയാണ് കാറ്റിന്റെ പ്രഭവകേന്ദ്രം.15 അടിവരെ ഉയരത്തിൽ തിരമാലകൾ എത്താമെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ടായിരുന്നു.
അതേസമയം ഇര്‍മ വിതച്ച ദുരിതമേഖലയില്‍ ഇന്ത്യക്കാര്‍ സുരക്ഷിതമാണെന്നു കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കരാക്കസ്, ഹവാന്‍, ജോര്‍ജ് ടൌണ്‍, പോര്‍ട് ഓഫ് സ്പെയിന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ പൂര്‍ണ്ണമായും സുരക്ഷത കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. സുഷമ തന്റെ ട്വിറ്ററിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.