ചൈനയിലെ ഭൂചലനത്തില്‍ നൂറിലേറെ മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്; ഒരു ലക്ഷത്തില്‍ കൂടുതല്‍ വീടുകള്‍ തകര്‍ന്നു
നൂറിലേറെ പേരുടെ നില അതീവഗുരുതരം
ചൈനയില്‍ ഇന്നലെയുണ്ടായ ശക്തമായ ഭൂചലനത്തില്‍ നൂറിലേറെ പേര്‍ മരണപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പത്തുപേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലേറെ പേരുടെ നില അതീവഗുരുതരമാണെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായാണ് സൂചനകള്‍. സംഭവത്തില്‍ ഒന്നരലക്ഷത്തിലേറെ വീടുകള്‍ തകര്‍ന്നതായി നേരത്തേ സ്ഥിരീകരണമുണ്ടായിരുന്നു.
വടക്കുപടിഞ്ഞാറന്‍ ചൈനയിലെ പര്‍വ്വത പ്രദേശമാണ് ഭൂകമ്പമുണ്ടായ സിച്വാന്‍ പ്രവിശ്യ. ഇവിടെ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വീടുകളാണ് തകര്‍ന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ ഇനിയും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഭൂകമ്പത്തിന്റെ തീവ്രത 6.5 ആണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകളെങ്കിലും അത് റിക്ടര്‍ സ്‌കെയിലില്‍ ഏഴ് അടയാളപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ബെയ്ജിംഗില്‍ നിന്നും അല്‍ജസീറ ലേഖകന്‍ അറിയിച്ചു. പരിക്കേറ്റവരെ രക്ഷുപ്പെടുത്താനും പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനുമായി 600ലെറെ അഗ്നിശമന സൈനികര്‍ പ്രദേശത്ത് കര്‍മനിരതരായതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.