ചർച്ചയ്ക്കു തയ്യാറാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി; പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് അമീർ യുഎഇ നേതൃത്വത്തെ കാണും
ഖത്തർ പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് അമീർ ദുബായിലും
ഖത്തറില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധി പരിഹരിക്കാനുള്ള ചർച്ചകൾക്കായി കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ദുബായിലെത്തി. സൗദി ഭരണാധികാരി സൽമാൻ രാജാവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് കുവൈത്ത് അമീർ യുഎഇ നേതൃത്വത്തെ കണ്ടത്.
ഒമാൻ വിദേശകാര്യമന്ത്രിയായ യൂസഫ് ബിൻ അലാവി കുവൈത്തിലെത്തി അമീറുമായി ചർച്ച നടത്തിയിരുന്നു. തുടര്‍ന്ന് മറ്റുള്ള രാജ്യങ്ങളുമായി ചർച്ചയ്ക്കു തയ്യാറാണെന്നു ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി അറിയിച്ചതും ശുഭസൂചനയായി. ഖത്തറിൽ ജനജീവിതം സാധാരണനിലയിലാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചു.
അതേസമയം, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി ഭരണാധികാരി സൽമാൻ രാജാവുമായും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുമായും ഫോണിൽ ചർച്ച നടത്തിയെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നി. ഭീകരവാദത്തെ നേരിടാൻ ജിസിസി അംഗങ്ങള്‍ ഐക്യത്തോടെ നിലകൊള്ളണമെന്ന് സൽമാൻ രാജാവിനോടു ട്രംപ് അഭിപ്രായപ്പെട്ടതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഖത്തറില്‍ നിലനില്‍ക്കുന്ന പ്രശ്നം പരിഹരിക്കാൻ ഇടപെടാൻ തങ്ങള്‍ സന്നദ്ധമാണെന്നു ഷെയ്ഖ് തമീമിനോടും ട്രംപ് പറഞ്ഞു. ഖത്തർ പ്രതിരോധമന്ത്രിയുമായി യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസും ഫോണിൽ ചർച്ച നടത്തിയതായാണ് വിവരം.
അതേസമയം, പെരുന്നാളിനു മുൻപു പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കിടയിലും സൗദിയും യുഎഇയും ബഹ്റൈനും തങ്ങളുടെ കർശന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണ്. സമൂഹ മാധ്യമങ്ങളിലൂടെയോ, മറ്റേതെങ്കിലും ആശയവിനിമയ മാർഗങ്ങളിലൂടെയോ ഖത്തറിനോട് അനുഭാവമോ, ചായ്‌വോ പ്രകടിപ്പിച്ചാൽ കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം യുഎഇ മുന്നറിയിപ്പും നൽകിയിരുന്നു.