പാകിസ്ഥാനില്‍ നിലവിലുള്ള രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനാകുമെന്ന് സര്‍ക്കാരിന് ആത്മവിശ്വാസമുണ്ടെന്ന് പ്രധാനമന്ത്രി ഷൌക്കത്ത് അസീസ് പറഞ്ഞു.എന്നാല്‍ ഇതിന്‍റെ പേരില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കില്ലെന്നും ‘ദി ഗാര്‍ഡിയന്‍’ ദിനപത്രത്തിന് ഇസ്ലാമബാദില്‍ അനുവദിച്ച അഭിമുഖത്തില്‍ അസീസ് വ്യക്തമാക്കി.
അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നത് പ്രശ്നത്തിന് പരിഹാരം ആകില്ലെന്ന് വിശ്വസിക്കുന്നതിനാലാണ് ഇതിന് മുതിരാത്തത് എന്ന് ഷൌക്കത്ത അസീസ് പറഞ്ഞു.പാകിസ്ഥാനില്‍ സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് നടത്തുമെന്നും പ്രധാനമന്ത്രി ഉറപ്പ് നല്‍കി.പ്രസിഡന്‍റ മുഷറഫിനെ തങ്ങളുടെ മുന്നണി പിന്തുണയ്ക്കുമെന്നും പാര്‍ലമെന്‍റില്‍ തങ്ങള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.മുഷറഫ് വീണ്ടും പ്രസിഡന്‍റായി തിരഞ്ഞെടുക്കപെടുമെന്നും അസീസ് അവകാശപ്പെട്ടു.
മുഷറഫ് സൈനിക വേഷം ഉപയോഗിക്കുന്നെത് ഒരു വലിയ വിഷയമല്ലെന്നും പാകിസ്ഥാന്‍റെ ഐക്യത്തിന്‍റെയും പുരോഗതിയുടെയും പ്രതീകമാണ് മുഷറഫ് എന്നും ഷൌക്കത്ത് അസീസ് പറഞ്ഞു.
നാടുകടത്തപെട്ട മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫ് നാട്ടില്‍ മടങ്ങിയെത്തി രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രി പുതിയ പ്രസ്താവന നടത്തിയിരിക്കുന്നത്.ഷെരീഫ് മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്ന് മുഷറഫ് തന്നെ പിന്തുണയ്ക്കുന്ന പാര്‍ലമെന്‍റംഗങ്ങളുടെ യോഗത്തില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഇതിനുള്ള മറുപടിയായി റംസാന് മുന്‍പ് തന്നെ താന്‍ നാട്ടിലേക്ക് മടങ്ങുമെന്ന് ഇപ്പോള്‍ ലണ്ടനിലുള്ള ഷെരീഫും വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഷെരീഫുമായി അധികാരം പങ്കുവെയുക്കുന്നത് സംബന്ധിച്ച് ധാരണയുണ്ടാക്കാനായി മുഷറഫ് ലണ്ടനിലേക്ക് ഒരു ദൂതനെ അയച്ചതായും പ്രാദേശിക മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.