വെടിക്കെട്ട് തുടരാന്‍ ധോണി വീണ്ടും, ആരാധകര്‍ ആവേശത്തില്‍ - തിരിച്ചുവിളിച്ച് ബിസിസിഐ
വെടിക്കെട്ട് തുടരാന്‍ ധോണി വീണ്ടും; തിരിച്ചുവിളിച്ച് ബിസിസിഐ
ഒത്തുകളി വിവാദത്തില്‍ വിലക്ക് നേരിടുന്ന ചെന്നൈ സൂപ്പർ കിംഗ്സ്, രാജസ്ഥാൻ റോയൽസ് ടീമുകള്‍ക്ക് ആശ്വാസമായി പുതിയവാര്‍ത്ത.
വിലക്ക് തീര്‍ന്നതിനെത്തുടര്‍ന്ന് രണ്ട് ടീമുകളെയും ബിസിസിഐ ഐപിഎല്ലിലേക്ക് സ്വാഗതം ചെയ്തു. 2018ലെ ഐപിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുവേണ്ടിയാണ് ടീമുകളെ സ്വാഗതം ചെയ്തിരിക്കുന്നത്.
ടീമുകളെ രണ്ടു വർഷത്തേക്കു വിലക്കിയ കാലാവധി അവസാനിച്ചു. ഇതോടെ ടീമുകളെ ടെൻഡർ ക്ഷണിക്കുന്നതിനായി ബിസിസിഐ സ്വാഗതം ചെയ്തു.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ തിരിച്ചു വരവാണ് ആരാധകര്‍ കൂടുതലായി കാത്തിരിക്കുന്നത്. മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ ടീമിന് വന്‍ ആരാധകവൃന്തമാണുള്ളത്. പൂനെ ടീമില്‍ മോശം ഫോം തുടരുന്ന ധോണി ഏറെ പഴി കേള്‍ക്കുന്നുണ്ട്.
പൂനെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരന് ഹര്‍ഷ് ഗോയങ്ക ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ധോണിക്ക് ചെന്നൈ ടീമിനൊപ്പം കളിക്കുന്നതാണ് ഇഷ്ടമെന്നും അദ്ദേഹത്തിന്റെ മനസ് അവര്ക്കൊപ്പമാണെന്നുമാണ് പൂനെ ആരാധകര്‍ പറയുന്നത്.
ചെന്നൈ ടീമിലേക്ക് ധോണി തിരിച്ചെത്തിയാല്‍ അദ്ദേഹം തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുമെന്നാണ് ചെന്നൈ ആരാധകര്‍ പറയുന്നത്. പൂനെ ടീം നായകസ്ഥാനത്തു നിന്നും അദ്ദേഹത്തെ മാറ്റിയതാണ് മോശം ഫോമിന് കാരണമെന്നും ചെന്നൈ ആരാധകര്‍ വിശ്വസിക്കുന്നു. ഈ സാഹചര്യത്തില്‍ ധോണി തിരിച്ചെത്തിയാല്‍ ടീം പഴയ പ്രതാപത്തിലേക്ക് എത്തുമെന്നാണ് ചെന്നൈ ആരാധകര്‍ വിശ്വസിക്കുന്നത്.