IPL 10: ധോണി ഉടക്കില്ല, കോഹ്‌ലി സമ്മതിക്കും; ഇന്ത്യന്‍ ടീമിലേക്ക് ഐപിഎല്‍ ഹീറോ എത്തുമോ? - ആവശ്യവുമായി ഗാംഗുലി
ഇന്ത്യന്‍ ടീമിലേക്ക് ഐപിഎല്‍ ഹീറോ എത്തുമോ? - ആവശ്യവുമായി ഗാംഗുലി
ഐസിസി ചാമ്പ്യൻസ് ട്രോഫിയില്‍ ടീം ഇന്ത്യ കളിക്കുമെന്ന് വ്യക്തമായതിന് പിന്നാലെ സെലക്‍ടര്‍മാര്‍ക്ക് നിര്‍ദേശവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഐപിഎല്ലില്‍ കൊല്‍ക്കത്തയ്‌ക്കായി തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുന്ന ഗൗതം ഗംഭീറിനെ ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിൽ ഉൾപ്പെടുത്തണമെന്ന് ഗാംഗുലി ആവശ്യപ്പെട്ടു.
ചാമ്പ്യൻസ് ട്രോഫി പോലെയുള്ള വലിയ ടൂർണമെന്‍റിൽ ഗംഭീറിന്‍റെ ഈ തകര്‍പ്പന്‍ ഫോം ഇന്ത്യക്ക് നേട്ടമാകും. അദ്ദേഹം ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അര്‍ഹനാണെന്നതില്‍ സംശയമില്ല. അത്രയ്‌ക്കും മികച്ച പ്രകടനമാണ് ഗംഭീര്‍ ഇപ്പോള്‍ പുറത്തെടുക്കുന്നതെന്നും ഗാംഗുലി വ്യക്തമാക്കി.
കെഎല്‍ രാഹുലിന്റെ പരുക്ക് ഭേദമായിട്ടില്ലാത്തതിനാല്‍ അദ്ദേഹം കളിക്കുമോ എന്നതില്‍ ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ ടീമിനായി പൊരുതി കളിക്കുന്ന ഗംഭീറിനെ ചാമ്പ്യൻസ് ട്രോഫിക്കുള്ള സംഘത്തില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടർമാർ ശ്രദ്ധിക്കണമെന്നും ദാദ പറഞ്ഞു.
2013 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെയാണ് ഗംഭീർ തന്‍റെ അവസാന ഏകദിനം കളിച്ചത്. മുന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണിയുമായുള്ള അഭിപ്രായ വ്യത്യാസവും പിന്നീട് അദ്ദേഹത്തിന് തിരിച്ചടിയായി. ധോണിക്കെതിരെ പരസ്യമായി നിലപാടുകള്‍ സ്വീകരിക്കാന്‍ പോലും ഗംഭീര്‍ മടികാണിച്ചില്ല. വിരാട് കോഹ്‌ലി നായകനായ ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യന്‍ ടീമിലേക്കുള്ള വിളി പിന്നീട് ലഭിച്ചത്.
ഈ സീസണിലെ ഐപിഎല്ലിൽ റൺവേട്ടക്കാരുടെ പട്ടിയിൽ രണ്ടാമതാണ് ഗംഭീർ. 11 മത്സരങ്ങളിൽ നിന്ന് 51.37 ശരാശരിയിൽ 411 റൺസാണ് ഗംഭീർ ഇതുവരെ അടിച്ചുകൂട്ടിയത്.