IPL 10: മൂന്നാം ഐപിഎൽ കിരീട നേട്ടത്തില്‍ മുംബൈ ഇന്ത്യൻസ്; ആവേശക്കളിയിൽ പുനെയെ തോൽപിച്ചത് ഒരു റണ്ണിന്
പുനെയെ ഒരു റണ്ണിനു തോൽപ്പിച്ച് മുംബൈയ്ക്ക് കിരീടം
അവസാന പന്ത് വരെ ആവേശം നിറഞ്ഞുനിന്ന ഫൈനലിൽ മുംബൈ ഇന്ത്യൻസിന് വിജയം. പുണെ സൂപ്പർ ജയന്റിനെ ഒരു റണ്ണിനു വീഴ്ത്തിയാണ് മുംബൈ ഇന്ത്യൻസ് ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. ഐപിഎൽ ചരിത്രത്തിൽ മുംബൈയുടെ മൂന്നാമത്തെ കിരീടവും ഈ പത്താം സീസണിൽ പുനെയ്ക്കെതിരെ മുംബൈയുടെ ആദ്യ വിജയവുമാണിത്.
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിന് വെറും 129 റൺസ് മാത്രമെ എടുക്കാന്‍ സാധിച്ചുള്ളൂ. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായ അവർ ഒരു ഘട്ടത്തിൽ 100 റണ്‍സ് പോലും എടുക്കില്ലെന്നാണ് തോന്നിച്ചത്. എന്നാൽ എട്ടാം വിക്കറ്റിൽ ക്രുനാൻ പാണ്ഡ്യയും മിച്ചൽ ജോൺസനും ചേർന്നാണ് അവരെ ഈ സ്കോറിൽ എത്തിച്ചത്. 47 റൺസെടുത്ത ക്രനാൽ പാണ്ഡ്യയാണ് മുംബൈയുടെ ടോപ് സ്കോററും മാൻ ഓഫ് ദ മാച്ചും.
എന്നാല്‍ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന പുനെയെ തുടക്കം മുതല്‍ക്കു തന്നെ വരുതിയില്‍ നിർത്താൻ മുംബൈ ബൗളർമാർക്ക് സാധിച്ചു. രഹാനെയും സ്റ്റീവ് സ്മിത്തും പിടിച്ചുനിന്നെങ്കിലും അതിവേഗം സ്കോർ ഉയത്താൻ കഴിഞ്ഞില്ല. അവസാന ഓവറുകളിൽ സ്മിത്തിനെയും ധോണിയെയും പുറത്താക്കിയാണ് മുംബൈ വിജയം പിടിച്ചെടുത്തത്. അവസാന പന്തിൽ നാല് റൺസ് വേണ്ടിയിരുന്ന പുനെയ്ക്ക് രണ്ട് റൺസെടുക്കാനെ സാധിച്ചുള്ളൂ.