സ്റ്റീവ് സ്മിത്തിന്റെ ചിറകിലേറി പൂനെ; മുംബൈയ്ക്കെതിരെ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം
മുംബൈയ്ക്കെതിരെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പൂനെയെ ജയിപ്പിച്ചു!!
Publish Date: Fri, 07 Apr 2017 (09:21 IST)
Updated Date: Fri, 07 Apr 2017 (09:24 IST)
ഐ പി എല്‍ പത്താം സീസണില്‍ പുനെ സൂപ്പര്‍ജയന്റ്‌സിന് ജയത്തുടക്കം. അവസാന ഓവര്‍ വരെ ആവേശം നീണ്ടുനിന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനാണ് പൂനെ തോല്‍പ്പിച്ചത്. കീറോണ്‍ പൊള്ളാര്‍ഡ് എറിഞ്ഞ ഇരുപതാം ഓവറില്‍ 13 റണ്‍സായിരുന്നു പുനെയ്ക്ക് ആവശ്യമായിരുന്നത്. ആ ഓവറിലെ നാലാമത്തെയും അഞ്ചാമത്തെയും പന്തുകള്‍ സിക്‌സറിന് പറത്തിയാണ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് കളി തീര്‍ത്തത്. സ്മിത്ത് തന്നെയാണ് മാന്‍ ഓഫ് ദ മാച്ച്.
186 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ പുനെയ്ക്ക് വേണ്ടി അജങ്ക്യ രഹാനെ 34 പന്തില്‍ ആറ് ഫോറും 3 സിക്‌സും സഹിതം അര്‍ധസെഞ്ചുറി നേടി. ബെന്‍ സ്‌റ്റോക്‌സ് 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ധോണി 12 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്നു. മലിംഗയുടെ അഭാവത്തില്‍ ഭുമ്ര ഒഴികെയുള്ള ബൗളര്‍മാരാരും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും മുംബൈക്ക് തിരിച്ചടിയായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 8 വിക്കറ്റ് നഷ്ടത്തിലാണ് 185 റണ്‍സെടുത്തത്. ഓപ്പണര്‍ ജോസ് ബട്‌ലര്‍ 18 പന്തില്‍ 38 റണ്‍സ് നേടി. നിതീഷ് റാണ 28 പന്തില്‍ 34 റണ്‍സെടുത്തു. അവസാന ഓവറിലെ നാല് സിക്‌സറുകള്‍ സഹിതം 15 പന്തില്‍ 35 റണ്‍സെടുത്ത ഹര്‍ദീക് പാണ്ഡ്യയാണ് മുംബൈയ്ക്ക് പൊരുതാന്‍ തരത്തിലുള്ള സ്‌കോര്‍ നേടിക്കൊടുത്തത്.